Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറാനിൽ സൈനിക പരേഡിൽ ഭീകരാക്രമണം: 29 മരണം

Iran - attack on a military parade പ്രാണന്റെ വേഗം: ഇറാനിലെ അഹ്‌വസ് നഗരത്തിൽ സൈനിക പരേഡിനു നേരെ ഭീകരർ നടത്തിയ വെടിവയ്പ്പിൽ പരുക്കേറ്റുവീണവർക്കും രക്ഷപ്പെടാനായി തറയിൽ കിടന്നവർക്കും ഇടയി ലൂടെ ഓടിമാറുന്ന സൈനികൻ. ചിത്രം: എഎഫ്പി

ടെഹ്റാൻ ∙ തെക്കുപടിഞ്ഞാറൻ ഇറാനിലെ അഹ്‌വസ് നഗരത്തിൽ സൈനിക പരേഡിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ കുട്ടികളും സ്ത്രീകളുമടക്കം 29 പേർ കൊല്ലപ്പെട്ടു. ഇതിൽ 12 പേർ സേനാവിഭാഗമായ റവല്യൂഷനറി ഗാർഡ്‌സ് അംഗങ്ങളാണ്. അറുപതിലേറെപ്പേർക്കു പരുക്കേറ്റു. 

മരിച്ചവരിൽ മാധ്യമപ്രവർത്തകനും ഉൾപ്പെടുന്നു‌. മരണസംഖ്യ ഉയർന്നേക്കുമെന്നാണു സൂചന. ആക്രമണം നടത്തിയ 4 ഭീകരരെയും വധിച്ചതായി ഇറാൻ സൈന്യം അറിയിച്ചു. ഭീകരസംഘടനയായ ഐഎസ് ഉത്തരവാദിത്തമേറ്റെങ്കിലും ഇസ്രയേൽ–യുഎസ് ബന്ധമുള്ള രണ്ടു ഗൾഫ് അറബ് രാജ്യങ്ങൾ പരിശീലിപ്പിച്ചവരാണു ഭീകരരെന്ന് ഇറാൻ സൈനിക നേതൃത്വം ആരോപിച്ചു.

ഇറാൻ–ഇറാഖ് യുദ്ധത്തിന്റെ (1980–88) വാർഷിക അനുസ്മരണത്തിന്റെ ഭാഗമായ സൈനിക പരേഡിനിടെയാണു ഭീകരരുടെ വെടിവയ്പുണ്ടായത്. പരേഡ് കാണാൻ ഉന്നത ഉദ്യോഗസ്ഥർക്കു പുറമേ ഒട്ടേറെ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. 

ഇറാൻ സൈന്യം പുറത്തുവിട്ട വിഡിയോയിൽ കനത്ത വെടിവയ്പിനിടെ സൈനികർ നിലത്തിഴയുന്നതും ഒരു സൈനികൻ തോക്കെടുത്തു തിരിച്ചു വെടിയുതിർക്കുന്നതും കുട്ടികളും സ്ത്രീകളും ഭയന്നോടുന്നതും കാണാം. 

ആക്രമണത്തിനു പിന്നിൽ ‘മേഖലയിലെ ഭീകരതയുടെ പ്രായോജകരായ’ സൗദി അറേബ്യയും ഇസ്രയേലും ‘അവരുടെ യജമാനൻ’ യുഎസുമാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് ശരീഫ് ആരോപിച്ചു.