Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എത്ര മോഹനം ആ കത്തുകൾ’: കിമ്മിന് ട്രംപിന്റെ പ്രശംസ

Kim Jong Un, Donald Trump

വാഷിങ്ടൻ ∙ ‘ആ മനോഹരമായ കത്തുകൾ വായിച്ചു ഞാൻ സ്നേഹത്തിലാഴ്ന്നു പോയി’ – യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു പറ​ഞ്ഞിട്ടും പറഞ്ഞിട്ടും മതിയാകുന്നില്ല. ട്രംപിനു പുതിയ കാമുകിയോ എന്നു ചോദിക്കാൻ വരട്ടെ. ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ, ട്രംപിന് അയച്ചതാണ് ആ ‘പ്രണയലേഖനങ്ങൾ’.

വെസ്റ്റ് വിർജീനിയയിൽ പ്രാദേശിക തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടന്ന റാലിയിലാണ് ട്രംപ് ഈ സ്നേഹത്തെ കുറിച്ചു വെളിപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ച യുഎൻ പൊതുസഭയിലും ട്രംപ് കിമ്മിനെ പ്രശംസിച്ചിരുന്നു. കൃത്യം ഒരു വർഷം മുൻപ് ഇതേ വേദിയിൽവച്ച് കിമ്മിനെതിരെ ട്രംപ് അധിക്ഷേപങ്ങൾ ചൊരിഞ്ഞിരുന്നു. കിം ആകട്ടെ അതേ നാണയത്തിൽ തിരിച്ചടിക്കുകയും ചെയ്തു. എന്നാൽ, ജൂണിൽ സിംഗപ്പൂരിൽ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം ഇരു നേതാക്കളും ഊഷ്മളമായ ബന്ധം പുലർത്തുന്നുണ്ട്. ഇരുവരും തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയ്ക്കു കളമൊരുങ്ങി വരികയാണ്.

ഉപരോധം നീക്കൂ; എന്നിട്ടാകാം നിരായുധീകരണം

ന്യൂയോർക്ക്∙ യുഎസ് ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങൾ പിൻവലിക്കാതെ നിരായുധീകരണത്തെ കുറിച്ച് ചിന്തിക്കില്ലെന്ന് ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രി റി യോങ് ഹോ. ‘യുഎസിനെ വിശ്വാസം വന്നില്ലെങ്കിൽ ഞങ്ങൾക്കു സുരക്ഷയെ കുറിച്ച് ആശങ്കയുണ്ടാകും. അത്തരമൊരു സാഹചര്യത്തിൽ എങ്ങനെ നിരായുധീകരണം നടത്തും’ – ആദ്യം നിരായുധീകരണം എന്ന യുഎസ് തന്ത്രത്തെ തള്ളി യുഎൻ പൊതുസഭയിൽ ഹോ പറഞ്ഞു. ആണവപദ്ധതികളുടെ പേരിൽ യുഎൻ രക്ഷാസമിതി ഉത്തര കൊറിയയ്ക്കു മേൽ കടുത്ത ഉപരോധം ഏർപ്പെടുത്തിയിരുന്നു.