Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറാനുമായുള്ള സൗഹാർദക്കരാർ യുഎസ് റദ്ദാക്കി

US - Iran

വാഷിങ്ടൻ∙ മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ എന്നിങ്ങനെയുള്ള അവശ്യവസ്തുക്കൾക്കു മേൽ ഇറാന് യുഎസ് ഏർപ്പെടുത്തിയിരുന്ന ഉപരോധം ഉടൻ പിൻവലിക്കാൻ യുഎൻ രാജ്യാന്തര കോടതി ആവശ്യപ്പെട്ടതിനു പിന്നാലെ 1955ലെ യുഎസ് – ഇറാൻ സൗഹാർദക്കരാർ റദ്ദാക്കാൻ യുഎസ് തീരുമാനിച്ചു. ഇറാനുമായുള്ള ആണവക്കരാർ റദ്ദാക്കിയതിനെ തുടർന്ന് യുഎസിനെ ഇറാൻ രാജ്യാന്തര കോടതിയിലേക്കു വലിച്ചിഴച്ചതാണു പ്രകോപനം.

ഇറാനുമായുള്ള കരാർ റദ്ദാക്കിയതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പ്രഖ്യാപിച്ചതിനു പിന്നാലെ, നയതന്ത്രബന്ധങ്ങൾ സംബന്ധിച്ച രാജ്യാന്തര കരാറായ 1961ലെ വിയന്ന കൺവൻഷന്റെ പെരുമാറ്റച്ചട്ടങ്ങളിൽനിന്നും യുഎസ് പിന്മാറിയതായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനും അറിയിച്ചു.

നയതന്ത്രസംഘങ്ങൾക്കു മറ്റു രാജ്യങ്ങളിൽ സ്വതന്ത്രമായും നിർഭയമായും പ്രവർത്തിക്കാനുളള സാഹചര്യം ഉറപ്പാക്കുന്നതാണു വിയന്ന കൺവൻഷൻ പെരുമാറ്റച്ചട്ടം. ഇസ്രയേലിലെ യുഎസ് എംബസി ടെൽ അവീവിൽനിന്നു ജറുസലമിലേക്കു മാറ്റിയതിനെതിരെ പലസ്തീൻ കഴിഞ്ഞമാസം യുഎൻ രാജ്യാന്തര കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് ഈ നടപടി.

ഷാ മുഹമ്മദ് റെസ പഹ്‌ലാവി ഇറാനിൽ ഭരണത്തിലിരിക്കുമ്പോൾ സാമ്പത്തികസഹകരണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി യുഎസും ഇറാനും തമ്മിൽ ഉണ്ടാക്കിയതാണു സൗഹാർദക്കരാർ. ഇറാനിലെ 1979ലെ ഇസ്‌ലാമിക വിപ്ലവത്തിനുശേഷവും കരാറിൽനിന്നു യുഎസ് പിന്മാറിയിരുന്നില്ല.

സൗഹാർദക്കരാർ റദ്ദാക്കിയതിൽനിന്ന് ഇറാൻ പാഠം ഉൾക്കൊള്ളുമെന്നു മൈക്ക് പോംപെയോ പ്രത്യാശിച്ചു. ബാലിസ്റ്റിക് മിസൈൽ പരിപാടിയിൽനിന്ന് ഇറാനെ പിൻതിരിപ്പിക്കാനായി ആണവക്കരാറിൽനിന്നു പിൻമാറിയ ട്രംപ് ഭരണകൂടം മേയ് 8നാണ് ഇറാനുമേൽ അവശ്യവസ്തുക്കളുടെ മേലുള്ള സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചത്.