Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറാന്റെ മേലുള്ള യുഎസ് ഉപരോധം പിൻവലിക്കണം: യുഎൻ കോടതി

ഹേഗ് ∙ അവശ്യവസ്തുക്കൾക്കുമേൽ ഇറാന് യുഎസ് ഏർപ്പെടുത്തിയ ഉപരോധം ഉടൻ പിൻവലിക്കണമെന്ന് ഐക്യരാഷ്ട്രസംഘടനയുടെ രാജ്യാന്തര നീതിന്യായ കോടതി (ഐസിജെ) ഉത്തരവിട്ടു.

ഇറാനുമായുള്ള ആണവക്കരാർ റദ്ദാക്കിയ ട്രംപ് ഭരണകൂടം മേയ് 8ന് പ്രഖ്യാപിച്ച അവശ്യവസ്തുക്കളുടെ മേലുള്ള സാമ്പത്തിക ഉപരോധം പിൻവലിക്കണമെന്നാണ് ഐസിജെ മുഖ്യ ജഡ്ജി അബ്ദുൽഖവി അഹ്മദ് യൂസഫിന്റെ ഉത്തരവ്. ഇറാന്റെ നിലപാടാണു ശരിയെന്നു തെളി‍ഞ്ഞതായി ഇറാൻ വിദേശകാര്യമന്ത്രാലയം അഭിപ്രായപ്പെട്ടു.

മരുന്നുകൾ, ഔഷധ ഉപകരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ, കാർഷിക വസ്തുക്കൾ എന്നിവയുടെ മേലുള്ള ഉപരോധം ഇറാനിലെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷ, സ്വാഭാവികജീവിതം എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്ന് ഐസിജെ വിധിന്യായത്തിൽ ചൂണ്ടിക്കാട്ടുന്നു. യുഎസ് പ്രതികരിച്ചിട്ടില്ല. ഉപരോധത്തിനെതിരെ ഇറാൻ ജൂലൈയിലാണ് ഐസിജെയെ സമീപിച്ചത്. യുഎൻ അംഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളിൽ  ഐസിജെ നൽകുന്ന ഉത്തരവ് അനുസരിക്കാൻ അംഗരാജ്യങ്ങൾ ബാധ്യസ്ഥരാണെങ്കിലും അതു നടപ്പിലാക്കാൻ ഐസിജെക്കു നിലവിൽ സംവിധാനമില്ല.