Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഴിമതിക്കേസ്: പാക്ക് പ്രതിപക്ഷ നേതാവ് ഷഹബാസ് ഷരീഫ് 10 ദിവസം ജയിലിൽ

Shahbaz Sharif

ലഹോർ∙ പാക്കിസ്ഥാനിൽ അടുത്തയാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അഴിമതിക്കേസിൽ അറസ്റ്റിലായ പ്രതിപക്ഷ നേതാവ് ഷഹബാസ് ഷരീഫിനെ കോടതി 10 ദിവസത്തേക്കു റിമാൻഡ് ചെയ്തു. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരനും പാക്കിസ്ഥാൻ മുസ്‍ലിം ലീഗ്(എൻ) അധ്യക്ഷനുമായ ഷഹബാസിനെ വെള്ളിയാഴ്ചയാണ് നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻഎബി) അറസ്റ്റു ചെയ്തത്.

പഞ്ചാബ് മുഖ്യമന്ത്രി ആയിരുന്നപ്പോൾ ചെലവു കുറഞ്ഞ വീടുകൾക്കുള്ള ഭവനനിർമാണ പദ്ധതി കരാർ ഇഷ്ടക്കാർക്കു നൽകാൻ 1400 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണു കേസ്. ഷരീഫ് കുടുംബത്തിനെതിരെയുള്ള രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ് അറസ്റ്റെന്ന് പിഎംഎൽ(എൻ) ആരോപിച്ചു. 11 പാർലമെന്റ് സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് 14നു നടക്കാനിരിക്കെ ഈ മണ്ഡലങ്ങളിൽ ഷഹബാസ് പ്രചാരണം നടത്താതിരിക്കാനുള്ള ഇമ്രാൻ സർക്കാരിന്റെ കുതന്ത്രത്തിന്റെ ഭാഗമാണ് അറസ്റ്റെന്ന് നവാസ് ഷരീഫ് പറഞ്ഞു.

നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ ഇമ്രാൻ ഖാൻ സർക്കാരിനു നിർണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്. കഴിഞ്ഞ ജൂലൈ 25ന് പൊതുതിരഞ്ഞെടുപ്പു നടക്കുന്നതിന് 10 ദിവസം മുൻപ് നവാസ് ഷരീഫിനെ അഴിമതിക്കേസിൽ അറസ്റ്റുചെയ്തിരുന്നു.