Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലാവസ്ഥാ മാറ്റത്തിന്റെ സാമ്പത്തിക ശാസ്ത്രത്തിന് നൊബേൽ

Romer-Nordhaus പോൾ എം. റോമർ, വില്യം ഡി. നോർഡ്‌ഹൗസ്

സ്റ്റോക്കോം∙ ‌ലോകബാങ്കുമായി തെറ്റി ഒൻപതു മാസം മുൻപു ചീഫ് ഇക്കണോമിസ്റ്റ് പദവി വിട്ട വ്യക്തി പോൾ എം. റോമർക്കും യേൽ സർവകലാശാല പ്രഫസർ വില്യം ഡി. നോർഡ്‌ഹൗസിനും സാമ്പത്തിക നൊബേൽ. പ്രകൃതിയെയും അറിവിനെയും സാമ്പത്തികശാസ്ത്രവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള സൈദ്ധാന്തികവിശകലനങ്ങൾക്കാണു പുരസ്കാരം. 10 ലക്ഷം ഡോളർ സമ്മാനത്തുക പങ്കിടും.

ആഗോള സമ്പദ്‌‌വ്യവസ്ഥയിലെ ദീർഘകാലാടിസ്ഥാനത്തിലുള്ള സുസ്ഥിരവികസനവും ജനങ്ങളുടെ ക്ഷേമവും ഒരുമിച്ചു മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള വിശകലനസമ്പ്രദായമാണ് ഈ യുഎസ് സാമ്പത്തിക വിദഗ്ധർ മുന്നോട്ടു വച്ചത്. വിഖ്യാതമായ ‘നഡ്ജ്’ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കളിലൊരാളായ യുഎസ് സാമ്പത്തികവിദഗ്ധൻ റിച്ചഡ് തേലർക്കായിരുന്നു കഴിഞ്ഞതവണ സമ്മാനം.

റോമറുടെ ‘അറിവ്’

സാങ്കേതിക മുന്നേറ്റമെന്നത് വിപണിയുടെ ചലനങ്ങളനുസരിച്ചുള്ള, അറിവിന്റെ ഫലമായുള്ള, ആന്തരികമായവളർച്ചയാണ് ബാഹ്യമായതല്ലെന്ന സിദ്ധാന്തം 1980കളിൽ ഷിക്കാഗോ സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർഥിയായിരുന്ന കാലത്തുതന്നെ റോമർ (62) വികസിപ്പിച്ചിരുന്നു. അതായത്, ലാഭകരമായ സാങ്കേതികവിദ്യകൾക്കുള്ള ആശയത്തിനു പ്രചോദനം വിപണിയിൽനിന്നുതന്നെ ലഭിക്കും. സാങ്കേതിക വികസനത്തിനു വഴിയൊരുക്കുന്ന സ്ഥാപനങ്ങളും നയങ്ങളും രൂപീകരിക്കാമെന്നതാണ് ഇതിന്റെ ഗുണം. ലോക ബാങ്ക് വിട്ട റോമർ ന്യൂയോർക്ക് സർവകലാശാല സ്റ്റേൺ സ്കൂൾ ഓഫ് ബിസിനസിൽ പ്രഫസറാണിപ്പോൾ. 

നോർഡ്‌ഹൗസിന്റെ ‘പ്രകൃതി’

സാങ്കേതികവിദ്യയുടെ രംഗത്ത് സംഭവിക്കുന്നതെല്ലാം നമ്മുടെ നിയന്ത്രണത്തിൻകീഴിലാണ്, കാലാവസ്ഥ പോലയല്ല എന്നാണു വില്യം ഡി. നോർഡ്‌ഹൗസ്(77) പറയുന്നത്. 1970കളിലാണ് ഈ വിഷയത്തിൽ നോർഡ്‌ഹൗസ്ചിന്തകളുടെ തുടക്കം. മനുഷ്യന്റെ പ്രവൃത്തികളും പ്രകൃതിയും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളെക്കുറിച്ച് ഭൗതികശാസ്ത്രവും രസതന്ത്രവും സാമ്പത്തികശാസ്ത്രവും സമന്വയിപ്പിച്ചുള്ള സൈദ്ധാന്തിക വിശകലനമാണ് അദ്ദേഹം നടത്തിത്. ഇങ്ങനെയുള്ള ഇന്റഗ്രേറ്റഡ് അസസ്‌മെന്റ് മോഡൽസ് (ഐഎഎമ്മുകൾ) വികസിപ്പിച്ചു.

related stories