Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബദൽ സാഹിത്യ നൊബേൽ കരീബിയൻ സാഹിത്യകാരി മാരിസ് കോൻഡെയ്ക്ക്

Maryse Conde

സ്റ്റോക്കോം∙ ലൈംഗികാരോപണത്തിൽ മുങ്ങി സ്വീഡിഷ് അക്കാദമി മാറ്റിവച്ച സാഹിത്യ നൊബേലിന്റെ ഒഴിവു നികത്താൻ സ്വീഡനിലെ സാംസ്കാരിക കൂട്ടായ്മ ഒരുക്കിയ ബദൽ നൊബേൽ പുരസ്കാരം കരീബിയയിലെ ഗ്വാഡലൂപ്പിൽനിന്നുള്ള എഴുത്തുകാരി മാരിസ് കോൻഡെയ്ക്ക്.

സ്വീഡിഷ് അക്കാദമിയുടെ പണക്കൊഴുപ്പും ആഡംബരവുമില്ലാത്ത സ്റ്റോക്കോമിലെ ഒരു സാധാരണ ലൈബ്രറിയി‍ല പുസ്തകങ്ങൾക്കിടയിൽ വച്ചായിരുന്നു സാഹിത്യലോകം കൗതുകത്തോടെ ഉറ്റുനോക്കിയ പുരസ്കാര പ്രഖ്യാപനം. തുടർന്നു മാരിസിന്റെ പ്രതികരണമുൾപ്പെട്ട വിഡിയോയും പ്രദർശിപ്പിച്ചു.

കൊടുങ്കാറ്റുകളും ഭൂചലനവും കൊണ്ടു മാത്രം ലോകശ്രദ്ധയിൽ വരുന്ന ഇത്തിരിക്കുഞ്ഞൻ രാജ്യമായ ഗ്വാഡലൂപ് ഈ വിധം അംഗീകരിക്കപ്പെടുന്നതിൽ ഏറെ സന്തോഷമുണ്ടെന്നാണു മാരിസ് (81) പറഞ്ഞത്. പൊതുജനങ്ങളിൽനിന്നു സമാഹരിച്ച 87,000 പൗണ്ടാണു പുരസ്കാരത്തുക. ഡിസംബർ 9 നു പുരസ്കാര സമർപ്പണം. നൊബേൽ പുരസ്കാരങ്ങൾ സമ്മാനിക്കുന്നതു ഡിസംബർ 10 നാണ്.

സെഗു, ക്രോസിങ് ദ് മാങ്ഗ്രോവ് തുടങ്ങി ഇരുപതോളം നോവലുകളെഴുതി വിഖ്യാതയാണു മാരിസ് കോൻഡെ. ലോകസാഹിത്യത്തിന്റെ ഭാഗമായ വലിയ കഥാകാരിയെന്നാണു ബദൽ നൊബേൽ ജൂറി അധ്യക്ഷ ആൻ പൽസൊൻ മാരിസിനെ വിശേഷിപ്പിച്ചത്. കോളനിവൽക്കരണം വിതച്ച നാശവും അതിനു ശേഷം നീണ്ട അരക്ഷിതാവസ്ഥയും ഹൃദയം കവരുംവിധം അവർ എഴുതി ഫലിപ്പിപ്പിച്ചെന്നും ജൂറി വിലയിരുത്തി.

ജേതാവിനെ തിരഞ്ഞെടുക്കുന്നതിൽ സ്വീഡിഷ് അക്കാദമിക്കുള്ള നിഗൂഢ നടപടിക്രമങ്ങളെ പരിഹസിക്കുന്നവണ്ണം ലളിതവും സുതാര്യവുമായിരുന്നു ബദൽ നൊബേൽ വിധിനിർണയം. സ്വീഡനിലെ ലൈബ്രേറിയൻമാരിൽനിന്ന് നാമനിർദേശം ക്ഷണിച്ച ശേഷം അവരിൽനിന്നു 4 എഴുത്തുകാരെ വായനക്കാരുടെ വോട്ടിലൂടെ തിരഞ്ഞെടുത്തശേഷം വിദഗ്ധ സമിതി ജേതാവിനെ നിശ്ചയിച്ചു. അവസാന 4 പേരിലുണ്ടായിരുന്ന ജാപ്പനീസ് എഴുത്തുകാരൻ ഹറൂകി മുറാകാമി സ്വമേധയാ പിന്മാറി.

related stories