Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിൽ ക്ളിന്റനെയും #മീടൂ വിളിക്കുന്നു; ഹിലറിക്ക് വിയോജിപ്പ്

Bill Clinton, Hillary Clinton, Monica Lewinsky ബിൽ ക്ലിന്റൻ, ഹിലറി ക്ലിന്റൻ, മോണിക്ക ലെവിൻസ്കി.

വാഷിങ്ടൻ∙ #മീടൂ യുഗത്തിൽ ഒരു പുനർ വിചിന്തനം– യുഎസ് മുൻ പ്രസിഡന്റ് ബിൽ ക്ളിന്റനും ഇവിടെ സ്ഥാനം പിടിക്കേണ്ടതല്ലേ? പ്രസിഡന്റിന്റെ ഓഫിസിൽ ഇന്റേൺഷിപ്പിൽ ജോലി ചെയ്യുകയായിരുന്ന മോണിക്ക ലെവിൻസ്കിയോട് വഴിവിട്ടു പെരുമാറിയത് അധികാരത്തിന്റെ ബലത്തിലാണെങ്കിൽ അതും #മീടൂ ചരിത്രത്തിൽ ഇടംപിടിക്കുമെന്നാണ് ഒരു പക്ഷത്തിന്റെ വാദം.

പക്ഷേ, ക്ളിന്റന്റെ ഭാര്യ ഹിലറി നിസ്സംശയം പറയുന്നു: ‘മോണിക്കയ്ക്ക് അന്ന് 22 വയസ്സുണ്ട്. അവൾക്കു പ്രായപൂർത്തിയായിരുന്നു. അതിനാൽ അധികാര ദുർവിനിയോഗത്തിന്റെ പ്രശ്നമേ ഇല്ല. അന്ന് യഥാംവണ്ണം അന്വേഷണവും നടന്നിരുന്നു.’ (1999 ൽ സെനറ്റ് വിചാരണ നടത്തിയെങ്കിലും മൂന്നിൽ രണ്ടു ഭൂരിപക്ഷം കിട്ടാതെ വന്നതിനാൽ പ്രസി‍ഡന്റിനെ കുറ്റക്കാരനെന്നു പ്രഖ്യാപിക്കാനോ പദവിയിൽ നിന്നു നീക്കാനോ കഴിഞ്ഞില്ല)

‘അദ്ദേഹം അന്നു രാജിവയ്ക്കാതിരുന്നതു തന്നെയായിരുന്നു ശരി’– റിപ്പബ്ളിക്കൻ നിയന്ത്രണത്തിലുള്ള ജനപ്രതിനിധിസഭ ഡെമോക്രാറ്റിക് പാർട്ടിക്കാരനായ അദ്ദേഹത്തെ 1998 ൽ കുറ്റവിചാരണ ചെയ്തതിനെ തുടർന്ന് രാജിവയ്ക്കണമായിരുന്നുവെന്ന ചിലരുടെ അഭിപ്രായം തള്ളിക്കളഞ്ഞ ഹിലറി പറഞ്ഞു.

പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നാണ് ഏറെക്കാലമായി ലെവിൻസ്കി പറഞ്ഞുപോന്നിരുന്നതെങ്കിലും പുനർ വിചിന്തനത്തിന്റെ സൂചനകൾ നൽകി ഈ വർഷം ആദ്യം ഒരു ലേഖനത്തിൽ എഴുതി: ‘ആ നിലപാട് ഞാൻ പുനഃപരിശോധിച്ചു വരുകയാണ്.’

ഇതിനു പുറമെ, വേറെ പലരും ക്ളിന്റനെതിരെ പരാതിയുമായി വന്നിരുന്നു. അതിൽ 1970ൽ നടന്നതു വരെയുണ്ട്. അതിനാൽ ക്ളിന്റന്റെ സ്ഥാനം എവിടെയെന്നു തീരുമാനിക്കാൻ ഇനിയും സമയം പിടിക്കും.