Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2032 ഒളിംപിക്സിനായി കൊറിയകളുടെ സംയുക്ത ശ്രമം; റെയിൽപാതയും റോഡും പുനർനിർമിക്കും

സോൾ∙ 2032 ലെ ഒളിംപിക്സ് വേദിക്കായി ഒരുമിച്ചു ശ്രമിക്കാൻ ഉത്തര, ദക്ഷിണ കൊറിയകളുടെ നീക്കം. ഈ മാസം തന്നെ ചർച്ചയുണ്ടാകും. ഇരുരാജ്യങ്ങളെയും ബന്ധിപ്പിച്ചിരുന്ന റെയിൽ പാതയും റോഡും പുനർനിർമിക്കുന്നതിന്റെ ഉദ്ഘാടനം അടുത്ത മാസം നടത്താനും മന്ത്രിതല ചർച്ചയിൽ തീരുമാനമായി. അതിർത്തിയിലെ സംഘർഷം കുറയ്ക്കാൻ സൈനിക ചർച്ചകൾ ഉടൻ പുനരാരംഭിക്കും. ഇരുരാജ്യങ്ങളിലുമായി പിരിഞ്ഞുകഴിയുന്ന കുടുംബങ്ങളുടെ പുനരേരീകരണം ചർച്ച ചെയ്യാൻ റെഡ് ക്രോസ് യോഗവും വിളിക്കും.

സൗഹൃദനീക്കങ്ങൾക്കു വേഗം കൂടുന്നുവെന്ന യുഎസിന്റെ വിമർശനം അവഗണിച്ചാണു ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ മുന്നോട്ടുപോകുന്നത്. പരിധിക്കപ്പുറമുള്ള അടുപ്പം ആണവ നിരായുധീകരണത്തിന് ഉത്തര കൊറിയയ്ക്കു മേൽ സമ്മർദം ചെലുത്താൻ തടസ്സമാണെന്നാണു യുഎസിന്റെ നിലപാട്.

എന്നാൽ, ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനു മാനസിക പിന്തുണ നൽകണമെന്ന് ഇന്നലെ പാരിസിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമായുള്ള കൂടിക്കാഴ്ചയിൽ മൂൺ ജേ ഇൻ പറഞ്ഞു. വ്യാഴാഴ്ച ഫ്രാൻസിസ് മാർപ്പാപ്പയെയും മൂൺ കാണുന്നുണ്ട്. മാർപ്പാപ്പ ഉത്തര കൊറിയ സന്ദർശിക്കണമെന്ന കിമ്മിന്റെ ആഗ്രഹവും അറിയിക്കും.