Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോഫ്റ്റായി തുടക്കം, ചരിത്രമായി മടക്കം

paul-gates ഐബിഎമ്മുമായി കരാർ ഒപ്പിട്ട ശേഷം പോൾ അലനും ബിൽ ഗേറ്റ്സും. 1981ൽ എടുത്ത ചിത്രം.

ചരിത്രം നൽകിയ അവസരം ഉപയോഗിച്ചു എന്നതാണ് പോൾ അലന്റെ നേട്ടം. 1974 ൽ വാഷിങ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് പഠനം പാതിവഴിയിലുപേക്ഷിച്ചിറങ്ങായിതാണ് അലൻ. ഹണിവെൽ എന്ന കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് ബിൽ ഗേറ്റ്സിനെ കണ്ടുമുട്ടുന്നത്. ഹാർവഡ് യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിയായിരുന്ന ഗേറ്റ്സിനെ പഠനമുപേക്ഷിച്ചു വരാൻ അലൻ പ്രേരിപ്പിച്ചു. പേഴ്സണൽ കംപ്യൂട്ടിങ് രംഗത്തുണ്ടാകാനിരിക്കുന്ന വിപ്ലവം മുന്നിൽ കണ്ടായിരുന്നു ഇത്. ഒടുവിൽ, 1975 ൽ ഗേറ്റ്സും കോളജ് വിട്ടിറങ്ങി. ഇരുവരും ചേർന്ന്, അന്നത്തെ ആൾട്ടെയർ 8800 എന്ന ഭാരമേറിയ ഡസ്ക്ടോപ് കംപ്യൂട്ടറിന് സോഫ്റ്റ്‍വെയർ നിർമിക്കാനാരംഭിച്ചു. 

ആൾട്ടെയറിന്റെ ആസ്ഥാനമായ ന്യൂമെക്സിക്കോയിലെ അൽബുക്കർക്കിൽ അവർ സ്വന്തം കമ്പനിക്കു രൂപം കൊടുത്തു – മൈക്രോ കംപ്യൂട്ടറുകൾക്കുള്ള സോഫ്റ്റ്‍വെയർ വികസിപ്പിക്കുന്ന കമ്പനിക്ക് രണ്ടു വാക്കുകളും ചേർത്ത് ‘മൈക്രോ–സോഫ്‍റ്റ്’ എന്നു പേരിട്ടത് അലനായിരുന്നു. മൈക്രോസോഫ്റ്റിന്റെ ആദ്യ 8 വർഷം സാങ്കേതിക കാര്യങ്ങളുടെ ചുമതല അലനായിരുന്നു. എംഎസ് ഡോസ്, എംഎസ് വേഡ് തുടങ്ങിയ ആദ്യകാല സോഫ്റ്റ്‍വെയറുകൾ വികസിപ്പിച്ചത് അദ്ദേഹമാണ്. അങ്ങനെ പഴ്സനൽ കംപ്യൂട്ടർ വിനോദ ഉപാധി എന്നതിൽനിന്നു സാധാരണക്കാർ വരെ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാക്കി മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ചു അദ്ദേഹം. ‘പുതിയ ഉൽപന്നങ്ങൾ കണ്ടെത്തുന്നതിലും സ്ഥാപനങ്ങൾ പടുത്തുയർത്തുന്നതിലും അലന് സ്വന്തം ശൈലി ഉണ്ടായിരുന്നു. തികച്ചും ശാന്തമായ രീതി’ – മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല പറയുന്നു. 

ബിൽ ഗേറ്റ്സിന്റെ ‘കച്ചവടമിടുക്ക്’ അലനില്ലായിരുന്നു. കംപ്യൂട്ടർ വിപ്ലവം യാഥാർഥ്യമാക്കുക എന്ന സ്വപ്നത്തിനു പിന്നാലെയായിരുന്നു അദ്ദേഹമെങ്കിൽ, മൈക്രോസോഫ്റ്റിനെ ഭീമൻ കോർപറേറ്റ് കമ്പനിയാക്കി മാറ്റുന്നതിൽ വിജയിച്ചത് ബിൽ ഗേറ്റ്സായിരുന്നു. എന്നാൽ, അതിനു മുൻപ് 1983 ൽ, ഗേറ്റ്സും അദ്ദേഹത്തിന്റെ പുതിയ സഹായി സ്റ്റീവ് ബാൽമറുമായുള്ള അഭിപ്രായ വ്യാത്യാസങ്ങളെത്തുടർന്ന് അലൻ കമ്പനി വിട്ടു. 2011 ൽ പുറത്തുവന്ന അലന്റെ ‘ഐഡിയ മാൻ’ എന്ന ഓർമകളുടെ പുസ്തകത്തിൽ ഗേറ്റ്സും ബാൽമറും നടത്തിയ ഗൂഢാലോചനയെക്കുറിച്ചു പറയുന്നുണ്ട്. ഇരുവരും പിന്നീട് അലനോടു മാപ്പു പറഞ്ഞിരുന്നു. സ്ഥാപനം വിട്ടെങ്കിലും 2000 വരെ മൈക്രോസോഫ്റ്റ് കമ്പനിയുടെ ബോർഡിൽ അലനുണ്ടായിരുന്നു. 

1982 ൽ തന്നെ അലനെ കാൻസർ ബാധിച്ചിരുന്നു. മൈക്രോസോഫ്റ്റ് വിടുമ്പോൾ സമ്പത്തിന്റെ നല്ല പങ്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നീക്കിവച്ചു. സിയാറ്റിലിനെ സാംസ്കാരിക കേന്ദ്രമാക്കി മാറ്റുന്നതിലും പങ്കു വഹിച്ചു. 2030 കോടി ഡോളർ ആസ്തിയുള്ള അലൻ, 2003 ൽ അലൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് സയന്റിഫിക് റിസർച് സ്ഥാപിച്ചു. യുഎസ് സ്പോർട്സ് ടീമായ സിയാറ്റിൽ സീ ഹോക്സ്, പോർട്‍ലൻഡ് ട്രെയ്ൽ ബ്ലാസേഴ്സ് എന്നിവയ്ക്കും രൂപം നൽകി. ലോകത്തിലെ ഏറ്റവും വലിയ വിമാനം നിർമിച്ച സ്ട്രാറ്റോ ലോഞ്ചിന്റെ സ്ഥാപകനും അലനാണ്. കലിഫോർണിയയിലെ മൊജാവേ എയർ ആൻഡ് സ്പേസ് പോർട്ടിൽ പരീക്ഷണത്തിലാണ് ഈ വിമാനം. 

സ്റ്റീവ് ജോബ്സിന്റെ വഴിയേ

ജീവിതത്തിലും മരണത്തിലും ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ അതേ വഴിയിലാണ് പോൾ അലനും. പാൻക്രിയാസ് കാൻസർ ബാധിച്ച 2011 ഒക്ടോബറിൽ മരിക്കുമ്പോൾ സ്റ്റീവ് ജോബ്സിന് 56 വയസ്സായിരുന്നു. 1976 ൽ സ്‌റ്റീവ് വൊസ്‌നിയാക്കിനൊപ്പം ആപ്പിൾ കംപ്യൂട്ടറിനു തുടക്കമിട്ട ജോബ്സിന് കമ്പനിയിലെ ഉൾപ്പോരിനെ തുടർന്ന് 1985 ൽ പുറത്തുപോകേണ്ടി വന്നു. 1997 ലെ രണ്ടാം വരവിനുശേഷമാണ് ‘ഐ’പോഡിലൂടെയും ഐഫോണിലൂടെയും ജോബ്സ് പുതുചരിത്രമെഴുതിയത്.