Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തരകൊറിയയുടെ ക്ഷണം മാർപാപ്പ സ്വീകരിച്ചേക്കും

ESTONIA-RELIGION-POPE ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി∙ ക്ഷണം ലഭിച്ചാൽ ഫ്രാൻസിസ് മാർപാപ്പ ഉത്തര കൊറിയ സന്ദർശിച്ചേക്കും. മാർപാപ്പ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും സോപാധികമായിരിക്കുമോ സന്ദർശനം എന്നു വ്യക്തമായിട്ടില്ല. മാർപാപ്പ നാടു സന്ദർശിക്കണമെന്ന ആഗ്രഹം കഴിഞ്ഞ മാസം നടന്ന കൊറിയൻ ഉച്ചകോടിക്കിടെ ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ തന്നെ അറിയിച്ചതായി ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ ആണ് വത്തിക്കാൻ സന്ദർശനത്തിനിടയിൽ പാപ്പയെ അറിയിച്ചത്. ക്ഷണം വന്നാൽ തീർച്ചയായും മറുപടി നൽകുമെന്നും തനിക്കു പോകാൻ സാധിക്കുമെന്നും അദ്ദേഹം മറുപടി നൽകി.

സന്ദർശനം നടന്നാൽ നിരീശ്വര നയം സ്വീകരിച്ചിട്ടുള്ള ഉത്തര കൊറിയയിൽ ആദ്യമായായിരിക്കും ഒരു മാർപാപ്പ സന്ദർശിക്കുന്നത്. 2000 ലെ കൊറിയൻ ഉച്ചകോടിക്കു ശേഷം ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്കു ഇതുപോലെ ക്ഷണം ലഭിച്ചെങ്കിലും കത്തോലിക്കാ പുരോഹിതർക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകണമെന്ന് വത്തിക്കാൻ വ്യവസ്ഥ വച്ചതിനാൽ അന്ന് സന്ദർശനം നടന്നില്ല. ഫ്രാൻസിസ് മാർപാപ്പ ഉദാര സമീപനം സ്വീകരിക്കുന്നയാളാണെങ്കിലും അനുകൂലമായ സാഹചര്യം ഉറപ്പാക്കിയ ശേഷമേ സന്ദർശനം നടത്തൂ എന്നാണ് സഭാ വക്താക്കൾ സൂചിപ്പിക്കുന്നത്. മതസ്വാതന്ത്ര്യം പൂർണമായി അനുവദിച്ചിട്ടില്ലാത്ത ഉത്തര കൊറിയയിൽ വിരലിലെണ്ണാവുന്ന ആരാധനാലയങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്.

കൊറിയകൾ തമ്മിൽ യുദ്ധം നടന്ന 1950–53 ൽ 55,000 കത്തോലിക്കരുണ്ടായിരുന്ന ഇവിടെ ഇപ്പോൾ പരമാവധി 4000 വിശ്വാസികളേയുള്ളൂവെന്നാണ് കണക്ക്. കത്തോലിക്കാ മത വിശ്വാസി കൂടിയായ മൂൺ, മുൾക്കിരീടം അണിഞ്ഞ ക്രിസ്തുവിന്റെ ശിൽപം പാപ്പയ്ക്ക് സമ്മാനിച്ചു. കൊറിയൻ ജനതയുടെ സഹനത്തിന്റെ പ്രതീകമാണ് മുൾക്കിരീടമെന്നു മൂൺ പറഞ്ഞു. ഒലിവ് മരച്ചില്ലയുടെ രൂപം കൊത്തിയ പതക്കം സമ്മാനിച്ച്, ഇതു സമാധാനത്തിനായുള്ള അഭിലാഷമാണ് പ്രതിനിധീകരിക്കുന്നതെന്നു മാർപാപ്പ പറഞ്ഞു. ഇരു കൊറിയകളിലെയും സഭകൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനാണ് തന്റെ സന്ദർശനമെന്ന് അദ്ദേഹം പിന്നീടു വ്യക്തമാക്കി. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ സമാധാനത്തിനായി നടത്തിയ ദിവ്യബലിയിൽ മൂൺ പങ്കെടുത്തു.