Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രധാനമന്ത്രി താൻ തന്നെയെന്ന് റനിൽ; പാർലമെന്റ് മരവിപ്പിച്ച് സിരിസേന

Maithripala Sirisena, Ranil Wickremasinghe മൈത്രിപാല സിരിസേന, റനിൽ വിക്രമസിംഗെ

ശ്രീലങ്കൻ പ്രധാനമന്ത്രി താൻ തന്നെയാണെന്നും പുറത്താക്കാൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയ്ക്ക് ഭരണഘടനാപരമായ അവകാശമില്ലെന്നും റനിൽ വിക്രമസിംഗെ. പുതിയ പ്രധാനമന്ത്രിയായി മഹിന്ദ രാജപക്ഷെയെ നിയമിച്ച പ്രസിഡന്റ് സിരിസേന നവംബർ 16 വരെ പാർലമെന്റ് സമ്മേളനം മരവിപ്പിച്ചതായി അറിയിച്ചു. പുതിയ മന്ത്രിസഭ ഉടൻ രൂപീകരിക്കുമെന്നും സൂചനയുണ്ട്. പാർലമെന്റ് മരവിപ്പിച്ചതോടെ ദേശീയ ബജറ്റ് നവംബർ 5 നു പുറത്തുവിടില്ലെന്നുറപ്പായി.

പാർലമെന്റാണ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കേണ്ടതെന്നും തനിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടെന്നും അവകാശപ്പെട്ടു പ്രാദേശിക കക്ഷികളുമായി റനിലിന്റെ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണു 2 ആഴ്ചത്തേക്കു പാർലമെന്റ് മരവിപ്പിച്ചതായി സിരിസേനയുടെ പ്രഖ്യാപനം. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 'ടെംപിൾ ട്രീസ്' വിക്രമസിംഗെ ഇതുവരെയും ഒഴിഞ്ഞിട്ടില്ല. വസതി ഒഴിയാൻ ഇന്നു രാവിലെ വരെ സമയം നൽകാമെന്നാണു രാജപക്ഷെ അനുയായികളുടെ നിലപാട്. ഇതിനിടെ, വിക്രമസിംഗെ പാർട്ടിക്കാരനായ ആനന്ദ അളുതഗമാഗെ ഇനി രാജപക്ഷെയെ പിന്തുണയ്ക്കുമെന്നു വ്യക്തമാക്കി. ഇരുപതോളം പേർ ഇങ്ങനെ രജപക്ഷെ പക്ഷത്തേക്കു ചുവടുമാറാൻ തയാറെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. 

പാർലമെന്റിൽ 105 അംഗങ്ങളുടെ പിന്തുണയുള്ള റനിലിനാണ് ഭൂരിപക്ഷം. സിരിസേന– രാജപക്ഷെ സഖ്യത്തിന് നിലവിൽ 98 സീറ്റുകൾ മാത്രം. ഭൂരിപക്ഷം ഉറപ്പിക്കാനുള്ള പിന്തുണ സമാഹരിക്കാൻ സമയം നൽകി രാജപക്ഷെയെ സഹായിക്കാനാണു പാർലമെന്റ് മരവിപ്പിച്ചതെന്ന് വിക്രമസിംഗെ അനുയായികൾ ആരോപിക്കുന്നു. 

രാജപക്ഷെയുടെ പ്രസിഡന്റ് ഭരണകാലത്ത് ശ്രീലങ്കയിൽ ചൈനയ്ക്കുള്ള സ്വാധീനം പ്രകടമായിരുന്നു. സിരിസേന-റനിൽ കൂട്ടുകെട്ട് വന്നതോടെ ഇന്ത്യ സ്വാധീനം തിരിച്ചുപിടിച്ചതായി വിലയിരുത്തപ്പെടുമ്പോഴാണ് രാഷ്ട്രീയ കാലാവസ്ഥ മാറിയത്. 

2015 ലെ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് പരസ്പരം പോരാടിയ സിരിസേനയും രാജപക്ഷെയും ഇപ്പോ‍ൾ കൈകോർത്തുള്ള ‘രാഷ്ട്രീയ അട്ടിമറി’യുടെ അണിയറയിൽ മഹിന്ദയുടെ സഹോദരനും മുൻ പ്രതിരോധ സെക്രട്ടറിയുമായ ഗോതബായ രാജപക്ഷെയും മറ്റൊരു സഹോദരൻ ബേസിൽ രാജപക്ഷെയുമാണ്.  

ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം തന്നെ വധിക്കാൻ പദ്ധതിയിട്ടുവെന്നു സിരിസേന പറഞ്ഞതിനു പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ. കഴിഞ്ഞയാഴ്ച ന്യൂഡൽഹിയിൽ റനിൽ വിക്രമസിംഗെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചിരുന്നു. സെപ്റ്റംബറിൽ സുബ്രഹ്മണ്യ സ്വാമിയുടെ അതിഥിയായി രാജപക്ഷെയും നരേന്ദ്രമോദിയെ കണ്ടിരുന്നു. നേപ്പാളിൽ സിരിസേന- മോദി കൂടിക്കാഴ്ചയും നടന്നു. 

ഒന്നര വർഷത്തിനുള്ളിൽ പുതിയ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജപക്ഷെ അപ്രതീക്ഷിത നീക്കത്തിലൂടെ അധികാരക്കസേരയിൽ തിരിച്ചെത്തിയത്.  

വിക്രമസിംഗെയുടെ സെക്രട്ടറി മുതിർന്ന അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥൻ സമൻ ഏകനായകെ ഉൾപ്പെടെയുള്ള പ്രമുഖരെ പദവിയിൽ നിന്നു നീക്കിയതായി പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്. പൊലീസ് ഓഫിസർമാരോട് അവധി റദ്ദാക്കി തിരിച്ചു വരാനും ആവശ്യപ്പെട്ടിട്ടുണ്ട്. 

ഭരണഘടനയെ മാനിക്കണമെന്നും അക്രമത്തിലേക്കു നീങ്ങരുതെന്നും യുഎസും ബ്രിട്ടനും യൂറോപ്യൻ യൂണിയനും  ലങ്കാ പാർട്ടികളോട് ആവശ്യപ്പെട്ടു. 

related stories