Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രസീലിൽ ഇടതുപക്ഷം വീണു; ട്രംപിന്റെ ശൈലി പിന്തുടർന്ന ബൊൽസൊനാരോക്കു വിജയം

jair-bolsonaro ജൈർ ബോൽസൊനാരോ പ്രചാരണ പരിപാടിക്കിടെ.

ബ്രസീലിയ∙ ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ പിന്തള്ളി തീവ്ര വലതുപക്ഷ നിലപാടുള്ള ജൈർ ബൊൽസൊനാരോക്ക് (63) വൻവിജയം. കരസേനാ മുൻക്യാപ്റ്റൻ കൂടിയായ ബൊൽസൊനാരോക്ക് 55.2% വോട്ടുകൾ ലഭിച്ചപ്പോൾ ഇടതുപക്ഷ വർക്കേഴ്‌സ് പാർട്ടിയുടെ ഫെർനാന്റോ ഹദ്ദാദിന് 44.8 % വോട്ടുകൾ മാത്രമാണു നേടാനായത്.

വ്യാപകമായ അഴിമതി തുടച്ചുനീക്കുമെന്നും ലഹരി മാഫിയയ്ക്കെതിരെ ഉരുക്കുമുഷ്ടി പ്രയോഗിക്കുമെന്നും വാഗ്ദാനം ചെയ്താണു ബൊൽസൊനാരോയുടെ സോഷ്യൽ ലിബറൽ പാർട്ടി (പിഎസ്എൽ) തിരഞ്ഞെടുപ്പു നേരിട്ടത്. ഒക്ടോബർ ഏഴിന് നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിൽ തന്നെ ബൊൽസൊനാരൊക്കു വ്യക്തമായ മുന്നേറ്റം ലഭിച്ചിരുന്നു. ഭരണകാലത്തെ വൻഅഴിമതികളാണ് വർക്കേഴ്‌സ് പാർട്ടിയുടെ തിരിച്ചടിയായത്.

ബ്രസീലിന്റെ സൈനിക സ്വേച്ഛാധികാര ഭൂതകാലം അയവിറക്കുന്ന ബൊൽസൊനാരോയുടെ സ്ത്രീവിരുദ്ധ, വംശീയപരാമർശങ്ങളും പൗരാവകാശ വിരുദ്ധസമീപനങ്ങളും വിവാദമുയർത്തിയിരുന്നു. മന്ത്രിസഭാംഗങ്ങളായി സൈനിക ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. 1964 മുതൽ1985 വരെയായിരുന്നു ബ്രസീലിലെ പട്ടാളഭരണം. യുഎസിൽ ഡോണൾഡ് ട്രംപ് നേടിയ വിജയത്തോടാണ് ബ്രസിലീലെ വലതുപക്ഷ മുന്നേറ്റത്തെ താരതമ്യം ചെയ്യുന്നത്. കഴിഞ്ഞമാസം തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ബൊൽസൊനാരോക്കു കുത്തേറ്റിരുന്നു.