Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മതനിന്ദ: ആസിയ ബീബിയെ മോചിപ്പിക്കാൻ പാക്ക് സുപ്രീം കോടതി വിധി

Asia Bibi ആസിയ ബീബി

ഇസ്‌ലാമാബാദ് ∙ മതനിന്ദയുടെ പേരിൽ 8 വർഷമായി മരണശിക്ഷ കാത്തുകഴിയുന്ന പാക്കിസ്ഥാനിലെ ക്രിസ്തീയ വനിത ആസിയ ബീബിയെ മോചിപ്പിക്കാൻ പാക്ക് സുപ്രീംകോടതി വിധിച്ചു. വിധിക്കെതിരെ പാക്കിസ്ഥാനിലെ പ്രധാന നഗരങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയ തീവ്രവാദ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകർ പലയിടത്തും പൊലീസുമായി ഏറ്റുമുട്ടി. വിധി പ്രസ്താവിച്ച ചീഫ് ജസ്റ്റിസ് സഖിബ് നിസാർ ഉൾപ്പെടെയുള്ള ജഡ്ജിമാർക്കു നേരെ വധഭീഷണിയുണ്ട്.

അയൽക്കാരികളുമായുള്ള സംഭാഷണത്തിനിടെ ഇസ്‌ലാമിനെ നിന്ദിച്ചു എന്നാരോപിച്ച് 2009ൽ അറസ്റ്റിലായ ആസിയയെ 2010ൽ കോടതി മതനിന്ദാ നിയമപ്രകാരം കുറ്റക്കാരിയെന്നു വിധിച്ചു. അന്നു മുതൽ ഏകാന്ത തടവിൽ കഴിയുകയാണു 4 കുട്ടികളുടെ അമ്മയായ ആസിയ. പാക്കിസ്ഥാനിലെ മുൻ സൈനിക ഏകാധിപതി സിയാവുൾ ഹഖാണ് 1980 കാലഘട്ടത്തിൽ മതനിന്ദാനിയമം കൊണ്ടുവന്നത്. ഈ നിയമം അനുസരിച്ചു കുറ്റക്കാരെന്നു കണ്ടാൽ മരണശിക്ഷയാണു നൽകുക. എന്നാൽ മതിയായ തെളിവുകൾ ഇല്ലാതെ, വ്യക്തിപരമായ പക തീർക്കാൻ മതനിന്ദാനിയമം പാക്കിസ്ഥാനിൽ വ്യാപകമായി ഉപയോഗിക്കുന്നതായി പരാതിയുണ്ട്.

താൻ നിരപരാധിയാണെന്നും തന്നെ കള്ളക്കേസിൽ ഉൾപ്പെടുത്തിയതാണെന്നും ആസിയ തുടക്കം മുതൽ പറഞ്ഞിരുന്നു. മതനിന്ദാനിയമത്തിനെതിരെ വാദിക്കുകയും ആസിയയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന്റെ പേരിൽ ലഹോർ പ്രവിശ്യാ ഗവർണർ സൽമാൻ തസീർ, മുൻന്യൂനപക്ഷ വകുപ്പു മന്ത്രി ഷഹ്‌ബാസ് ഭട്ടി എന്നിവരെ തീവ്രവാദികൾ മുൻപു വധിച്ചിരുന്നു.

മതനിന്ദാനിയമത്തെ പിന്തുണച്ചു രൂപീകരിക്കപ്പെട്ട ടിഎൽപി പാർട്ടി ഇന്നലെ സുപ്രീംകോടതി വിധിക്കു പിന്നാലെ രാജ്യത്തു വൻ പ്രതിഷേധം സംഘടിപ്പിച്ചു. വിധി പ്രസ്താവിച്ച ജഡ്ജിമാർക്കു ടിഎൽപി മുഖ്യരക്ഷാധികാരി മുഹമ്മദ് അഫ്സൽഖദ്രി മരണശിക്ഷ പ്രഖ്യാപിച്ചതായി പാർട്ടി വക്താവ് പറഞ്ഞു.