Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീലങ്ക: സിരിസേന വഴങ്ങുന്നു; പാർലമെന്റ് തിങ്കളാഴ്ച ചേരും

Maithripala-Sirisena-Sri-Lanka

കൊളംബോ∙ ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധിക്കു പരിഹാര സൂചന നൽകി പ്രസിഡന്റ് മൈത്രിപാല സിരിസേന പാർലമെന്റ് സസ്പെൻഡ് ചെയ്ത നടപടി പിൻവലിച്ചു. തിങ്കളാഴ്ച പാർലമെന്റ് സമ്മേളിച്ചു മഹിന്ദ രാജപക്ഷെ സർക്കാരിന്റെ ഭാവി തീരുമാനിക്കും.

പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ പുറത്താക്കി മുൻ പ്രസിഡന്റ് മഹിന്ദ രാജപക്ഷെയെ പ്രധാനമന്ത്രിയാക്കുകയും പാർലമെന്റ് പിരിച്ചുവിടുകയും ചെയ്ത സിരിസേനയുടെ നടപടി വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പ്രസിഡന്റിന്റെ നടപടി പാർലമെന്റ് സ്പീക്കർ കരു ജയസൂര്യ അംഗീകരിച്ചിരുന്നില്ല.

ഈ മാസം 16 വരെയാണു പാർലമെന്റ് സസ്പെൻഡ് ചെയ്തിരുന്നത്. രാജ്യാന്തര നയതന്ത്രസമ്മർദത്തിനു സിരിസേന വഴങ്ങിയതാണു സസ്പെൻഷൻ പിൻവലിക്കാനും പാർലമെന്റ് വിളിക്കാനും ഇടയാക്കിയത്. രാജപക്ഷെ മന്ത്രിസഭ അധികാരമേറ്റതു കഴിഞ്ഞ തിങ്കളാഴ്ചയാണ്. പാർലമെന്റ് വിളിക്കാനുള്ള തീരുമാനം ജനാധിപത്യത്തിന്റെ വിജയമായി പുറത്താക്കപ്പെട്ട പ്രധാനമന്ത്രി വിക്രമസിംഗെ പറഞ്ഞു.

പുറത്താക്കപ്പെടുമ്പോൾ 225 അംഗ പാർലമെന്റിൽ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷനൽ പാർട്ടി(യുഎൻപി)ക്ക് 106 എംപിമാരുടെ പിന്തുണയും രാജപക്ഷെ–സിരിസേന കൂട്ടുകെട്ടിന് 95 എംപിമാരുടെ പിന്തുണയുമാണ് ഉണ്ടായിരുന്നത്. യുഎൻപി പക്ഷത്തെ 6 പേരെ അടർത്തിയെടുക്കാൻ രാജപക്ഷെയ്ക്കു കഴിഞ്ഞെങ്കിലും ഭൂരിപക്ഷത്തിനു വേണ്ടത് 113 പേരാണ്.

related stories