Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആസിയ ബീബിയുടെ അഭിഭാഷകന് നെതർലൻഡ്സിൽ രാഷ്ട്രീയാഭയം

ആംസ്റ്റർഡാം∙ പാക്കിസ്ഥാനിൽ മതനിന്ദയുടെ പേരിൽ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലിൽ കഴിയേണ്ടിവന്ന ക്രിസ്ത്യൻ യുവതി ആസിയ ബീബിയെ മോചനത്തിനു സഹായിച്ച അഭിഭാഷകൻ നെതർലൻഡ്സിൽ രാഷ്ട്രീയാഭയം തേടുന്നു. ജീവനു ഭീഷണി ഉയർന്നതിനെ തുടർന്ന് ശനിയാഴ്ചയാണ് അഭിഭാഷകൻ സൈഫുൽ മുലൂക്ക് പാക്കിസ്ഥാൻ വിട്ടത്. ഇപ്പോൾ അദ്ദേഹം ഒരു ഡച്ച് സംഘടനയുടെ സംരക്ഷണയിലാണ്.

പാക്കിസ്ഥാനിൽ നിന്ന് ഒറ്റയ്ക്കു രക്ഷപ്പെടാൻ താൽപര്യമുണ്ടായിരുന്നില്ലെങ്കിലും യുഎന്നും യൂറോപ്യൻ യൂണിയനും നിർബന്ധിച്ചതിനാലാണു പോന്നതെന്നു മുലൂക്ക് പറഞ്ഞിരുന്നു. എന്നാൽ, രാജ്യംവിടാൻ തങ്ങൾ നിർബന്ധിച്ചുവെന്ന മുലൂക്കിന്റെ വാദം യുഎൻ നിഷേധിച്ചു. 8 വർഷം മരണനിഴലിൽ കഴിഞ്ഞശേഷം പാക്ക് സുപ്രീം കോടതി മോചിപ്പിച്ച ആസിയ ബീബിയും കുടുംബവും എവിടെയാണെന്ന് വ്യക്തമല്ല. ബീബിക്ക് അഭയം നൽകണമെന്ന് ഡച്ച് പാർലമെന്റിൽ പല കക്ഷികളും ആവശ്യപ്പെട്ടു. അവരെ സഹായിക്കാൻ തയാറാണെന്ന് ഇറ്റലി അറിയിച്ചിട്ടുണ്ട്.