Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസ്– ഉത്തര കൊറിയ ഉന്നതതല യോഗം മാറ്റി

വാഷിങ്ടൻ∙ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും ഉത്തര കൊറിയൻ ഉന്നതൻ കിം യോങ് ചോളും തമ്മിൽ ഇന്നു നടത്താനിരുന്ന കൂടിക്കാഴ്ച അവസാനനിമിഷം മാറ്റി. ന്യൂയോർക്കിൽ നടക്കാനിരുന്ന കൂടിക്കാഴ്ച മാറ്റിയതിന്റെ കാരണം വ്യക്തമല്ല. സൗകര്യപ്രദമായ മറ്റൊരു ദിവസം കൂടിക്കാഴ്ച നടക്കുമെന്നു യുഎസ് ആഭ്യന്തര വകുപ്പു വക്താവ് അറിയിച്ചു.

ആണവ നിരായുധീകരണ കരാറിനെക്കുറിച്ചും ഡോണൾഡ് ട്രംപ്– കിം ജോങ് ഉൻ രണ്ടാം ഉച്ചകോടിയുടെ വിശദാംശങ്ങളും ചർച്ച ചെയ്യാനാണ് യോഗം നിശ്ചയിച്ചിരുന്നത്. യോഗം മാറ്റിയത് രണ്ടാം ഉച്ചകോടിക്കുള്ള ഒരുക്കങ്ങളെ ബാധിക്കില്ലെന്നു ദക്ഷിണ കൊറിയ അറിയിച്ചു. ട്രംപ്– കിം സൗഹൃദം വളരുന്നതിനിടയിലും നയതന്ത്രതലത്തിൽ ഇരു രാജ്യങ്ങളും കർക്കശ നിലപാടു തുടരുകയാണ്.

യുഎസിന്റെ സാമ്പത്തിക ഉപരോധം നീക്കിയില്ലെങ്കിൽ അണ്വായുധ ശേഷി വർധിപ്പിക്കുന്ന നയത്തിലേക്കു തിരിച്ചുപോകുമെന്നു കഴിഞ്ഞയാഴ്ച ഉത്തര കൊറിയ മുന്നറിയിപ്പു നൽകിയിരുന്നു.