Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറ്റോർണി ജനറൽ സെഷൻസിനെ ട്രംപ് പുറത്താക്കി

Jeff Sessions ജെഫ് സെഷൻസ്

വാഷിങ്ടൺ∙ ഒരിക്കൽ വിശ്വസ്തനായിരുന്ന അറ്റോർണി ജനറൽ ജെഫ് സെഷൻസിനെ യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ് പുറത്താക്കി. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച അന്വേഷണത്തച്ചൊല്ലിയുള്ള ഭിന്നതയാണ് കാരണം. ട്രംപും ഒട്ടേറെ അടുപ്പക്കാരും പ്രതിസ്ഥാനത്തുള്ള അന്വേഷണത്തിന്റെ നിയന്ത്രണം ഇതോടെ ട്രംപിന്റെ കയ്യിലാകും.

റഷ്യൻ ഇടപെടൽ കേസ് അന്വേഷണത്തിന്റെ മേൽനോട്ടച്ചുമതലയിൽ നിന്നു ജെഫ് സെഷൻസ് ഒഴിവായതു മുതൽ ട്രംപ് അദ്ദേഹത്തിനെതിരായിരുന്നു. അറ്റോർണി ജനറലിന്റെ ചീഫ് ഓഫ് സ്റ്റാഫ് മാത്യു വിറ്റേക്കറിന് താൽക്കാലിക ചുമതല നൽകിയിട്ടുണ്ട്. ട്രംപിന്റെ അടുത്തയാളാണു വിറ്റേക്കർ. സ്ഥിരം അറ്റോർണി ജനറലിനെ വൈകാതെ നിയമിക്കുന്നുമെന്നു ട്രംപ് വ്യക്തമാക്കി. ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടിയതോടെ തനിക്കെതിരെ അന്വേഷണം ശക്തമാക്കുമെന്നു ട്രംപ് ഭയക്കുന്നുണ്ട്. അങ്ങനെയുണ്ടായാൽ നേരിടുമെന്ന വെല്ലുവിളിയും ട്രംപ് നടത്തി.

ട്രംപിന്റെ വലിയ വിശ്വസ്തനായിരുന്നു ഒരുകാലത്ത് ജെഫ് സെഷൻസ്. 2016 ലെ തിരഞ്ഞെടുപ്പു കാലത്ത് രണ്ടുതവണ വാഷിങ്ടനിലെ റഷ്യൻ അംബാസഡറെ ട്രംപിനുവേണ്ടി സെഷൻസ് കണ്ടുവെന്ന് ആരോപണമുണ്ടായിരുന്നു. അന്നു സെനറ്റ് അംഗമായിരുന്ന സെഷൻസ് ട്രംപിന്റെ പ്രചാരണസംഘത്തിലെ വിദേശകാര്യ ഉപദേശകനായിരുന്നു. യുഎസ് നീതിന്യായ സംവിധാനത്തിലെ ഏറ്റവും ഉന്നത പദവിയാണ് അറ്റോർണി ജനറലിന്റേത്.