Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഷ്ട്രത്തലവന്മാരെത്തി, ഒന്നാം ലോക യുദ്ധ വാർഷികത്തിന്

world leaders during world war 1 anniversary സമാധാനത്തിന് 100... ഒന്നാം ലോകയുദ്ധത്തിന് അന്ത്യം കുറിച്ചതിന്റെ നൂറാം വാർഷികനാളിൽ എഴുപതോളം രാഷ്ട്രത്തലവന്മാർ പാരിസിൽ യുദ്ധസ്മാരകമായ വിജയകവാടത്തിൽ ഒത്തുകൂടിയപ്പോൾ. യുഎസ് പ്രഥമ വനിത മെലനിയ ട്രംപ്, പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ജർമൻ ചാൻസലർ അംഗല മെർക്കൽ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ഭാര്യ ബ്രിജിറ്റ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ഭാര്യ ഉഷ തുടങ്ങിയവരെ കാണാം.

പാരിസ്∙ ഒന്നാം ലോകയുദ്ധത്തിന് അന്ത്യം കുറിച്ചതിന്റെ നൂറാം വാർഷികനാളിൽ, എഴുപതോളം രാഷ്ട്രത്തലവന്മാർ യുദ്ധസ്മാരകമായ വിജയകവാടത്തിൽ ഒത്തുകൂടി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട 1.8 കോടി ജനങ്ങൾക്ക് ആദരാഞ്ജലിയായി പെയ്ത മഴയിൽ അനുസ്മരണച്ചടങ്ങ് കുതിർന്നു.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ജർമൻ ചാൻസലർ അംഗല മെർക്കൽ, കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തുടങ്ങിയ നേതാക്കൾ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയോടൊപ്പം അനുസ്മരണച്ചടങ്ങിൽ അണിനിരന്നു. അജ്ഞാതഭടന്റെ കുടീരത്തിലേക്ക് നേതാക്കൾ മക്രോയുടെ പിന്നാലെ നടന്നു നീങ്ങി. ഉച്ചകഴിഞ്ഞ് സമാധാന സമ്മേളനവും നടന്നു.

ചടങ്ങിനു മുൻപായി ട്രംപ് എത്തിയപ്പോൾ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിനു മുന്നിലെത്തി രണ്ടു വനിതാ വിമോചനവാദികൾ പ്രതിഷേധിച്ചു. പാതി നഗ്നരായ അവരുടെ ദേഹത്ത് ‘വ്യാജ സമാധാനദൂതൻ’ എന്ന് എഴുതിയിരുന്നു. ബ്രിട്ടനിലും ന്യൂസീലൻഡിലും ഓസ്ട്രേലിയയിലും അനുസ്മരണച്ചടങ്ങ് നടന്നു. മൂന്നു ദിവസത്തെ ഫ്രഞ്ച് സന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കഴിഞ്ഞ ദിവസം എലിസി കൊട്ടാരത്തിൽ മക്രോയാണ് സ്വീകരിച്ചത്.

ഇന്ത്യൻ സൈനികർക്കായി സ്മാരകം ഉയർന്നു

world-war-1-anniversary ഒന്നാം ലോകയുദ്ധത്തിൽ വീരചരമം പ്രാപിച്ച ഇന്ത്യൻ സൈനികർക്കായി ഫ്രാൻസിൽ ഇന്ത്യ നിർമിച്ച സ്മാരകത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന പ്രദർശനം കാണുന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ഭാര്യ ഉഷയും. ചിത്രം: പിടിഐ

പാരിസ്∙ യുദ്ധത്തിൽ വീരചരമം പ്രാപിച്ച ഇന്ത്യൻ സൈനികർക്കായി ഫ്രാൻസിൽ ഇന്ത്യ നിർമിച്ച സ്മാരകം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്തു. ഏതാനും ഇന്ത്യൻ സൈനികരുടെ മൃതദേഹം മറവു ചെയ്ത ലവന്തിയിൽ എഴടി ഉയരമുള്ള ഓട്ടുപ്രതിമയാണ് സ്ഥാപിച്ചത്. ഇതു പോലെ ഇന്ത്യക്കാരെ അടക്കിയ 56 സ്ഥലങ്ങളിൽ കൂടി പ്രതിമ സ്ഥാപിക്കും.

8 ലക്ഷം ഇന്ത്യൻ സൈനികർ യുദ്ധത്തിൽ പങ്കെടുത്തിരുന്നു. അവരിൽ 47,746 പേർ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തു. 65,000 പേർക്കു പരുക്കേറ്റു. ഇവരെല്ലാം ഇന്ത്യയിലെ വിവിധ നാട്ടുരാജ്യങ്ങളിൽ നിന്ന് ബ്രിട്ടിഷ് സൈന്യത്തോടൊപ്പം നിയോഗിക്കപ്പെട്ടവരാണ്.