Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജപക്ഷെ കളംമാറി; ഇനി ശ്രീലങ്ക പീപ്പിൾസ് പാർട്ടിയിൽ

Mahinda Rajapaksa മഹിന്ദ രാജപക്ഷെ

കൊളംബോ∙ ശ്രീലങ്കൻ രാഷ്ട്രീയത്തിലെ കരുത്തൻ മഹിന്ദ രാജപക്ഷെ ഇനി പുതിയ പാർട്ടിയിൽ. ശ്രീലങ്ക ഫ്രീഡം പാർട്ടി (എസ്എൽഎഫ്പി)യുമായുള്ള അരനൂറ്റാണ്ടു കാലത്തെ ബന്ധം അവസാനിപ്പിച്ച രാജപക്ഷെ പുതിയതായി രൂപീകരിച്ച ശ്രീലങ്ക പീപ്പിൾസ് പാ‍ർട്ടി (എസ്എൽപിപി) യിൽ ചേർന്നു. ജനുവരി 5 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ രാജപക്ഷെ മൽസരിക്കുമെന്ന സൂചനയാണ് പുതിയ നീക്കം നൽകുന്നത്.

മഹിന്ദയുടെ പിതാവ് ഡോൺ ആൽവിൻ രാജപക്ഷെ 1951 ൽ രൂപീകരിച്ചതാണ് എസ്എൽഎഫ്പി. രാജപക്ഷെ അനുകൂലികൾ കഴിഞ്ഞ വർഷം രൂപീകരിച്ച എസ്എൽപിപി ഫെബ്രുവരിയിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വൻവിജയം നേടിയിരുന്നു. 2005 മുതൽ 10 വർഷം രാജപക്ഷെ ശ്രീലങ്കൻ പ്രസിഡന്റായിരുന്നു. എന്നാൽ, 2015 ലെ തിരഞ്ഞെടുപ്പിൽ മുൻ അനുയായിയും മന്ത്രിയുമായിരുന്ന മൈത്രിപാല സിരിസേനയോടു പരാജയപ്പെട്ടു.

റനിൽ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷനൽ പാർട്ടിയുമായി ചേർന്നാണ് സിരിസേന രാജപക്ഷെയെ തോൽപിച്ചത്. ഇപ്പോൾ, പ്രധാനമന്ത്രി വിക്രമസിംഗെയെ പുറത്താക്കി രാജപക്ഷെയെ, സിരിസേന പ്രധാനമന്ത്രിയാക്കിയതോടെ പഴയ സഖാക്കൾ വീണ്ടും ഒന്നിച്ചു. ഇതിനിടെ, പ്രസിഡന്റ് മൈത്രിപാല സിരിസേന എംപിമാരുടെ അവകാശങ്ങൾ കവർന്നെടുക്കുകയാണെന്ന് പാർലമെന്റ് സ്പീക്കർ കരു ജയസൂര്യ ആരോപിച്ചു.