Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസ് പ്രസിഡന്റ്: തുൾസി ഗബാർഡ് 2020 ൽ മൽസരത്തിന്?

Tulsi Gabbard തുൾസി ഗബാർഡ്

വാഷിങ്ടൻ∙ യുഎസ് പാർലമെന്റിലെ, ഹിന്ദുമത വിശ്വാസിയായ ആദ്യ അംഗം തുൾസി ഗബാർഡ് 2020 ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൽസരിച്ചേക്കുമെന്നു സൂചന. ലൊസാഞ്ചൽസിൽ നടന്ന ഡോക്ടർമാരുടെ സമ്മേളനത്തിൽ ഇന്ത്യൻ വംശജനായ ഡോ. സംപത് ശിവാംഗിയാണ്, തുൾസിയെ അടുത്ത പ്രസിഡന്റാകാൻ സാധ്യതയുള്ളയാൾ എന്നു വിശേഷിപ്പിച്ചത്. എന്നാൽ, സമ്മേളനത്തിൽ സംസാരിച്ച തുൾസി ഇതേക്കുറിച്ച് ഒന്നും പറഞ്ഞില്ല.

ഇന്ത്യക്കാരിയല്ലെങ്കിലും ഇന്ത്യൻ വംശജരായ അമേരിക്കക്കാർക്കിടയിൽ ഏറെ ജനപ്രിയയാണ് ഡെമോക്രാറ്റിക് പാർട്ടിക്കാരിയായ തുൾസി (37). തുൾസിയുടെ അമ്മ കാരൾ പോർട്ടർ ഹിന്ദു മതവിശ്വാസിയും അച്‌ഛൻ മൈക്ക് ഗബാർഡ് കത്തോലിക്കാ വിശ്വാസിയുമാണ്. കൗമാരകാലം മുതൽ തുൾസി ഗബാർഡും ഹിന്ദുമതത്തിൽ വിശ്വസിക്കുന്നു. ഹവായിയിൽനിന്ന് ജനപ്രതിനിധി സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഭഗവദ്ഗീതയിൽ തൊട്ടാണ് തുൾസി സത്യപ്രതിജ്ഞ ചെയ്തത്. കഴിഞ്ഞയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ നാലാം തവണ ജയിച്ചു.