Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാസയിൽ യുദ്ധാന്തരീക്ഷം; ഹമാസ്–ഇസ്രയേൽ ഏറ്റുമുട്ടൽ രൂക്ഷം

Israel airstrike ഹമാസിന്റെ നിയന്ത്രണത്തിൽ ഗാസയിൽ പ്രവർത്തിക്കുന്ന അൽ അക്സ ടിവി സ്റ്റേഷൻ കെട്ടിടത്തിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയപ്പോൾ. കെട്ടിടം പൂർണമായി കത്തിനശിച്ചു. ചിത്രം: എഎഫ്പി

ഗാസാ സിറ്റി∙ ഇസ്രയേൽ സൈന്യവും പലസ്തീൻ പ്രതിരോധ പ്രസ്ഥാനമായ ഹമാസും പരസ്പരാക്രമണം ശക്തമാക്കിയതോടെ, മധ്യപൂർവദേശത്തു യുദ്ധസമാനമായ അവസ്ഥ. ഞായറാഴ്ച 6 പലസ്തീൻ പൗരൻമാർ കൊല്ലപ്പെട്ട ഇസ്രയേൽ ആക്രമണത്തിനു തിരിച്ചടിയായി തിങ്കളാഴ്ച രാത്രിക്കുശേഷം തെക്കൻ ഇസ്രയേലിലേക്കു 400ലേറെ റോക്കറ്റുകൾ ഹമാസ് തൊടുത്തു. ചെറുപീരങ്കികളും പ്രയോഗിച്ചു. ഗാസ മുനമ്പിൽ ഇസ്രയേൽ 150 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി. 2014 നുശേഷം ആദ്യമായാണു ഹമാസും ഇസ്രയേൽ സൈന്യവും നേർക്കുനേർ വരുന്നത്.

തെക്കൻ ഇസ്രയേലിലെ പതിനായിരക്കണക്കിനു താമസക്കാരെ ബങ്കറുകളിലേക്കു മാറ്റി. അതേസമയം ഇസ്രയേൽ നടത്തിയ കനത്ത വ്യോമാക്രമണങ്ങളിൽ ഗാസാ മുനമ്പിൽ ഒട്ടേറെ കെട്ടിടങ്ങൾ തകർന്നടിഞ്ഞു. ഹമാസിന്റെ അൽ അഖ്‌സ ടിവി സ്റ്റേഷനും സുരക്ഷാ ആസ്ഥാനവും തകർന്നു. പലസ്തീൻ മേഖലയിൽ 25 പേർക്കു പരുക്കേറ്റിട്ടുണ്ട്. തെക്കൻ ഇസ്രയേലിൽ ഒരു പലസ്തീൻ തൊഴിലാളി കൊല്ലപ്പെട്ടു. പരുക്കേറ്റ 27 പേരിൽ 3 പേരുടെ നില ഗുരുതരമാണ്. ഇസ്രയേൽ സൈനികരുടെ ബസിൽ ടാങ്ക്‌വേധ മിസൈൽ പതിച്ച് ഒരു സൈനികനു ഗുരുതരമായി പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇരുപക്ഷത്തും സ്കൂളുകൾക്ക് അവധി നൽകി.

ഞായറാഴ്ച ഗാസാ മുനമ്പിൽ നുഴഞ്ഞുകയറിയ ഇസ്രയേൽ സ്പെഷൽ ഓപ്പറേഷൻസ് സംഘം, ഹമാസ് കമാൻഡറെ വധിച്ചതാണു സംഘർഷത്തിനു കാരണമായത്. കൊല്ലപ്പെട്ട 6 പലസ്തീൻകാരിൽ 4 പേർ ഹമാസ് പോരാളികളാണെന്നു റിപ്പോർട്ടുണ്ട്. ആക്രമണങ്ങൾക്കു കനത്ത തിരിച്ചടി തുടരുമെന്ന് ഇരുപക്ഷവും വെല്ലുവിളി ഉയർത്തിയതോടെ സമാധാനശ്രമങ്ങളുമായി ഈജിപ്ത് രംഗത്തെത്തി. 2008 നും 2014 നുമിടയിൽ ഇസ്രയേൽ സൈന്യവും ഹമാസും തമ്മിൽ 3 യുദ്ധങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 30 നുശേഷം ഗാസ അതിർത്തിയിലെ പലസ്തീൻ പ്രക്ഷോഭകർക്കു നേരെയുണ്ടായ ഇസ്രയേലിന്റെ സൈനിക നടപടികളിൽ 233 പേർ കൊല്ലപ്പെട്ടു.