Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാണ് പ്രധാനമന്ത്രി? ആശയക്കുഴപ്പത്തിൽ ലങ്ക

Mahinda Rajapaksa, Ranil Wickremesinghe മഹിന്ദെ രാജപക്ഷെ, റനിൽ വിക്രമസിംഗെ

കൊളംബോ∙ ആരാണ് പ്രധാനമന്ത്രി? മൂന്നാഴ്ചയായി ശ്രീലങ്കക്കാരുടെ ആശയക്കുഴപ്പത്തിന് ഇന്നലെ വീണ്ടും ആഴം കൂടി. കഴിഞ്ഞ 26 ന് പ്രസിഡന്റ് മൈത്രിപാല സിരിസേന നിയമിച്ച മഹിന്ദെ രാജപക്ഷെ ഇന്നലെ പാർലമെന്റിൽ അവിശ്വാസപ്രമേയത്തിൽ തോറ്റതോടെ ഫലത്തിൽ സ്ഥാനഭൃഷ്ടനായി. 26 ന് സിരിസേന പുറത്താക്കിയ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ഇപ്പോഴും തീരുമാനം അംഗീകരിച്ചിട്ടില്ല. ജനങ്ങൾ മാത്രമല്ല, ആരിൽനിന്ന് ഉത്തരവുകൾ സ്വീകരിക്കണമെന്ന കാര്യത്തിൽ ഉദ്യോഗസ്ഥരും ആശയക്കുഴപ്പത്തിലാണ്.

വലിയ ബഹളങ്ങൾക്കും സംഘർഷങ്ങൾക്കുമിടയിലാണ് ഇന്നലെ പാർലമെന്റ് സമ്മേളിച്ചത്. രാജപക്ഷെയ്ക്കെതിരായ അവിശ്വാസം ശബ്ദവോട്ടോടെ പാസായെന്നാണ് സ്പീക്കർ കരു ജയസൂര്യ പ്രഖ്യാപിച്ചത്. ഇത് അംഗീകരിക്കില്ലെന്നാണ് രാജപക്ഷെ പക്ഷം പറയുന്നത്. ‘ഇത് ജനാധിപത്യവിരുദ്ധമാണ്. ശബ്ദ വോട്ടിലൂടെ പ്രധാനമന്ത്രിയെ പുറത്താക്കാൻ സ്പീക്കർക്കാവില്ല. അതിന് ഭൂരിപക്ഷം എംപിമാരുടെ വോട്ടു തന്നെ കാണിക്കണം’– രാജപക്ഷെയുടെ മകനും എംപിയുമായ നമൽ പറഞ്ഞു.

srilanka-protest കൊളംബോയിൽ ശ്രീലങ്കൻ പാർലമെന്റിനു മുന്നിൽ റനിൽ വിക്രമസിംഗെ അനുയായികൾക്കെതിരെ പോർവിളി നടത്തുന്ന മഹിന്ദ രാജപക്ഷെ അനുയായികൾ. ചിത്രം: മനോരമ

യുണൈറ്റഡ് നാഷനൽ പാർട്ടി (യുഎൻപി) അംഗം ലക്ഷ്മൺ കിരിയേല ആണ് പ്രമേയം കൊണ്ടുവന്നത്. വോട്ടെടുപ്പിനു തൊട്ടുമുൻപ് രാജപക്ഷെ പ്രധാനമന്ത്രിയുടെ ചേംബറിൽനിന്നു പോയിരുന്നു. നമലും അനുഗമിച്ചു. രാജപക്ഷെ സഭ വിട്ടതോടെ അദ്ദേഹത്തിന്റെ പാർട്ടി അംഗങ്ങൾ ഒച്ചവച്ചു. വോട്ടെടുപ്പു തടസപ്പെടുത്താനുള്ള ശ്രമവുമുണ്ടായി. തുടർന്നാണ് ശബ്ദവോട്ടിൽ അവിശ്വാസം പാസായതായി സ്പീക്കർ പ്രഖ്യാപിച്ചത്. രാഷ്ട്രീയ അട്ടിമറിയുടെ അവസാനമാണ് ഇതെന്ന് റനിൽ വിക്രമസിംഗെയുടെ യുഎൻപി പറഞ്ഞു. ജനാധിപത്യത്തിന്റെ വിജയം എന്നാണ് യുഎൻപി ഉപനേതാവ് സജിത് പ്രേമദാസ പറഞ്ഞത്.

ഒക്ടോബർ 26 നു മുൻപുണ്ടായിരുന്ന സർക്കാർ തുടരുമെന്ന് ഉറപ്പാക്കുമെന്ന് റനിൽ വിക്രമസിംഗെയും ട്വീറ്റ് ചെയ്തു. എന്നാൽ, റനിലിന് പ്രധാനമന്ത്രിയായി തുടരാനാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. രാജപക്ഷെ അവിശ്വാസപ്രമേയം പാസായി പുറത്തായ സാഹചര്യത്തിൽ പുതിയ പ്രധാനമന്ത്രിയും മന്ത്രിസഭയും ചുമതലയേൽക്കേണ്ടി വരുമെന്നാണു പൊതുവിലയിരുത്തൽ. പ്രസിഡന്റാണ് പ്രധാനമന്ത്രിയെ നിർദേശിക്കേണ്ടത്. റനിലിനെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ സിരിസേന തയാറാവില്ല.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാർലമെന്റ് പിരിച്ചുവിട്ടതായും ജനുവരി 5ന് തിരഞ്ഞെടുപ്പു നടക്കുമെന്നും പ്രസിഡന്റ് പ്രഖ്യാപിച്ചത്. രാജപക്ഷെയ്ക്കു പാർലമെന്റിൽ ഭൂരിപക്ഷം കിട്ടാനിടയില്ലെന്നു മനസ്സിലാക്കിയായിരുന്നു ഇത്. എന്നാൽ, ചൊവ്വാഴ്ച സുപ്രീം കോടതി ഇതു സ്റ്റേ ചെയ്തു. അടുത്തമാസം 7 വരെയാണ് സ്റ്റേ. പുതിയ സാഹചര്യത്തിൽ തിരഞ്ഞെടുപ്പു നടക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. 

തിലകരത്‍നെ ദിൽഷൻ രാജപക്ഷെ പാർട്ടിയിൽ

Tillakaratne Dilshan തിലകരത്‍നെ ദിൽഷൻ

കൊളംബോ∙ ശ്രീലങ്കൻ ക്രിക്കറ്റിലെ സൂപ്പർ താരമായിരുന്ന തിലകരത്‍നെ ദിൽഷൻ മഹിന്ദെ രാജപക്ഷെയുടെ ശ്രീലങ്ക പീപ്പിൾസ് പാർട്ടിയിൽ ചേർന്നു. ശ്രീലങ്കൻ ക്രിക്കറ്റ് ടീം ക്യാപ്ടനായിരുന്നു 42 കാരനായ ദിൽഷൻ. കലുതറ ജില്ലയിൽനിന്ന് ദിൽഷൻ പാർലമെന്റിലേക്കു മൽസരിച്ചേക്കും. ഒട്ടേറെ മുൻ ക്രിക്കറ്റ് താരങ്ങൾ ശ്രീലങ്കൻ രാഷ്ട്രീയത്തിലുണ്ട്. മുൻ ക്യാപ്ടൻ അർജുന രണതുംഗെ വിക്രമസിംഗെ മന്ത്രിസഭയിൽ അംഗമായിരുന്നു.