Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രെക്സിറ്റ് കുരുക്ക് മുറുകുന്നു; 4 മന്ത്രിമാർ രാജിവച്ചു

96183872 ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ

ലണ്ടൻ∙ ബ്രെക്സിറ്റ് ഉടമ്പടിയുടെ കരടുരേഖയിലെ ചില നിബന്ധനകളിൽ വിയോജിപ്പു പ്രകടമാക്കി തെരേസ മേ മന്ത്രിസഭയിൽ നിന്നു 4 മന്ത്രിമാർ രാജിവച്ചു. 28 അംഗ യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ വേർപിരിയുന്നതിനുള്ള ഉടമ്പടിയുടെ കരടു രേഖ മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ മന്ത്രിസഭ അംഗീകരിച്ചതിനു പിന്നാലെ ആയിരുന്നു മന്ത്രിമാരുടെ രാജി. തെരേസ മേയുടെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ മന്ത്രിസഭയുടെ നിലനില്പ് അപകടത്തിലാക്കുംവിധമാണ് ബ്രെക്സിറ്റ് കുരുക്ക് മുറുകുന്നത്. ബ്രെക്സിറ്റ് സെക്രട്ടറി ഡൊമിനിക് റാബ്, ഇന്ത്യൻ വംശജയായ ഉത്തര അയർലൻഡ് മന്ത്രി ശൈലേഷ് വാര, വർക്സ് ആൻഡ് പെൻഷൻസ് സെക്രട്ടറി എസ്തർ മക്‌വേ, ജൂനിയർ ബ്രെക്സിറ്റ് മന്ത്രി സ്യുവെല്ല ബ്രേവർമാൻ എന്നിവരാണ് രാജിവച്ചത്. 

ബ്രെക്സിറ്റ് മാറ്റ കാലാവധിയായ 2021 ഡിസംബറിനുള്ളിൽ വ്യാപാര ബന്ധം സംബന്ധിച്ചു കരാറുണ്ടാക്കാനായില്ലെങ്കിൽ ഉടമ്പടി വീറ്റോ ചെയ്യാനും ബ്രിട്ടനെ പൂർണമായി യൂറോപ്യൻ യൂണിയൻ കസ്റ്റംസ് യൂണിയനു കീഴിൽ നിലനിർത്താനും യൂറോപ്യൻ യൂണിയന് അധികാരം നൽകുന്ന നിബന്ധനയെ എതിർത്താണ് ഇവരുടെ രാജി. ബ്രിട്ടന്റെ പരമാധികാരത്തിന് എതിരായ ഈ നിബന്ധന അംഗീകരിക്കാനാവില്ലെന്ന് ഇവർ പറഞ്ഞു. ബ്രെക്സിറ്റ് ഉടമ്പടിയുടെ കരടു തയാറാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച റാബിന്റെ രാജി പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.

പത്തോളം മന്ത്രിമാരുടെ എതിർപ്പിനെ മറികടന്നാണ് തെരേസ മേ ഉടമ്പടിയുടെ കരടിന് മന്ത്രിസഭയുടെ അനുമതി നേടിയത്. ഉടമ്പടിക്ക് ഇനി പാർലമെന്റിന്റെ അംഗീകാരം നേടണം. മന്ത്രിമാരുടെ രാജിയോടെ ഇത് സുഗമമാവില്ലെന്ന് ഉറപ്പായി. 318 പേരുടെ പിന്തുണയുണ്ടെങ്കിലേ ഉടമ്പടി പാസ്സാക്കാനാകൂ. നിലവിൽ 230 പേരുടെ പിന്തുണയേ സമാഹരിക്കാനായിട്ടുള്ളു. 

മന്ത്രിസഭയെ താങ്ങിനിർത്തുന്ന നോർത്തേൺ അയർലൻഡ് ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി(ഡിയുപി)യിലാണ് മേയുടെ പ്രതീക്ഷ. എന്നാൽ, ഡിയുപിയും ഇപ്പോൾ വിമർശനം കടുപ്പിച്ചു. ഇരുഅയർലൻഡുകളുടെയും അതിർത്തി സംബന്ധിച്ച് തീരുമാനമാകാത്തതിനാൽ അസംതൃപ്തിയിലായിരുന്ന ഡിയുപി കരാറിനെതിരെ വോട്ട് ചെയ്യുമെന്നു ഭീഷണിയും മുഴക്കിയിട്ടുണ്ട്. ബ്രെക്സിറ്റ് ഉടമ്പടി അംഗീകരിക്കാനായി യൂറോപ്യൻ യൂണിയൻ 25ന് യോഗം ചേരുമെന്ന് അറിയിച്ചിരുന്നു.