Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീലങ്കൻ പാർലമെന്റ് നടത്തിപ്പിന് സർവകക്ഷി സമിതി

കൊളംബോ ∙ അടിപിടിയും ബഹളവും മുളുകുപൊടിയേറും വരെ കണ്ട ശ്രീലങ്കയിലെ പാർലമെന്റിന്റെ നടത്തിപ്പ് സമാധാനപരവും സുഗമവുമാക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ തീരുമാനം. പ്രസിഡന്റ് മൈത്രിപാല സിരിസേന വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണു തീരുമാനം. തൊട്ടുപിന്നാലെ, സമിതിയിലെ അംഗത്വം സംബന്ധിച്ചു ഭരണ, പ്രതിപക്ഷ കക്ഷികൾ തമ്മിൽ തർക്കം തുടങ്ങി.

തങ്ങളാണു ഭരണത്തിലെന്നും കൂടുതൽ അംഗത്വം വേണമെന്നും രാജപക്ഷെ അവകാശപ്പെടുമ്പോൾ, ഭൂരിപക്ഷം തെളിയിക്കുന്നതിൽ 2 തവണ പരാജയപ്പെട്ട രാജപക്ഷെയ്ക്ക് അതിന് അർഹതയില്ലെന്നു പ്രതിപക്ഷം പറയുന്നു. ഇന്നലെ രാവിലെ സഭ ചേർന്നു 10 മിനിറ്റിനുള്ളിൽ പിരിഞ്ഞു. പ്രധാനമന്ത്രി മഹിന്ദ രാജപക്ഷെയ്ക്കെതിരായ മൂന്നാമത്തെ അവിശ്വാസപ്രമേയം വോട്ടിനിടാനാണ് സഭ ചേർന്നത്.

കഴിഞ്ഞയാഴ്ച 2 തവണ ശബ്ദവോട്ടെടുപ്പിൽ രാജപക്ഷെയ്ക്കെതിരായ അവിശ്വാസപ്രമേയം പാസായിരുന്നു. ഇന്നലെ സഭ ചേർന്നയുടൻ ഡപ്യൂട്ടി സ്പീക്കർ അനന്ദ കുമാരസിരി സർവകക്ഷി യോഗത്തിലെ തീരുമാനം അറിയിച്ചു. വിവിധ കക്ഷി പ്രതിനിധികൾ ഉൾപ്പെട്ട സമിതി ഇനി പാർലമെന്റ് നടപടികൾ മുന്നോട്ടുകൊണ്ടുപോകും. രാജപക്ഷെയ്ക്കെതിരായ 3ാം അവിശ്വാസപ്രമേയത്തിന്റെ വോട്ടെടുപ്പ് ഇലക്ട്രോണിക് മെഷീനുകൾ ഉപയോഗിച്ചു നടത്തുന്ന കാര്യവും സർവകക്ഷി യോഗം ചർച്ച ചെയ്തു. എന്നാൽ, ഭരണപക്ഷ പാർട്ടിയായ യുഎഫ്പിഎഎ ഈ നിർദേശം തള്ളിയെന്നു പ്രതിപക്ഷ എംപിമാർ പറഞ്ഞു.

ഇന്നലെ സമാധാനപരമായ അന്തരീക്ഷത്തിലാണ് സഭ സമ്മേളിച്ചത്. സുരക്ഷ വർധിപ്പിച്ചിരുന്നു. സന്ദർശക ഗാലറി അടയ്ക്കുകയും ചെയ്തു. ഒക്ടോബർ അവസാനം, ്രപസിഡന്റ് സിരിസേന പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ പുറത്താക്കി മഹിന്ദ രാജപക്ഷെയെ പ്രധാനമന്ത്രിയായി നിയമിച്ചതോടെയാണ് ശ്രീലങ്കയിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.