Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നബിദിനാഘോഷത്തിനിടെ കാബൂളിൽ ചാവേർ സ്ഫോടനം; 50 മരണം

Kabul-blast കാബുളിൽ ചാവേർ സ്ഫോടനം നടന്ന സ്ഥലത്തു പരിശോധന നടത്തുന്ന അഫ്ഗാൻ സുരക്ഷാസൈനികർ.

കാബൂൾ ∙ അഫ്ഗാനിസ്ഥാന്റെ തലസ്ഥാന നഗരിയിൽ ഉന്നത മതപണ്ഡിതർ പങ്കെടുത്ത നബിദിനാഘോഷ ചടങ്ങിനിടെ നടന്ന ചാവേർ ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടു. 70 പേർക്കു പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ചടങ്ങ് നടന്ന ഹാളിന്റെ മധ്യഭാഗത്ത് ഉണ്ടായിരുന്ന ചാവേർ സ്ഫോടനം നടത്തുകയായിരുന്നുവെന്ന് കാബൂൾ പൊലീസ് വക്താവ് ബസീർ മുജാഹിദ് പറഞ്ഞു. ചടങ്ങിൽ പങ്കെടുത്ത ഉന്നത മതപണ്ഡിതരെയാണ് ലക്ഷ്യമിട്ടതെന്നു സംശയിക്കുന്നു. കല്യാണങ്ങളും രാഷ്ട്രീയ സമ്മേളനങ്ങളും നടക്കുന്ന ഹാൾ നിറഞ്ഞ് ആളുകളുണ്ടായിരുന്നു.

കാബൂളിൽ സമീപകാലത്ത് നടന്ന ഏറ്റവും മാരകമായ ആക്രമണമാണിത്. കഴിഞ്ഞ മാസം നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആരംഭിച്ച ആക്രമണങ്ങൾ തുടരുകയാണ്. പല ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ഇസ്‍ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. താലിബാനുമായി സമാധാനത്തിന് അഫ്ഗാൻ സർക്കാരിൽ രാജ്യാന്തരസമൂഹം സമ്മർദം ചെലുത്തുന്നതിനിടെ സുരക്ഷാസേനയെ സമ്മർദത്തിലാക്കാൻ ആക്രമണങ്ങളിലൂടെ ശ്രമിക്കുകയാണെന്ന് ആരോപണമുണ്ട്. വരുന്ന ഏപ്രിലിലെ അഫ്ഗാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപ് സമാധാന കരാർ ഉണ്ടാകുമെന്ന് യുഎസ് നയതന്ത്ര പ്രതിനിധി സൽമേ ഖലിൽസാദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.