Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖഷോഗി വധത്തിന്റെ പേരിൽ സൗദിയെ കൈവിടില്ല: ട്രംപ്

Donald Trump, Mohammed bin Salman ഡോണൾഡ് ട്രംപ്, മുഹമ്മദ് ബിൻ സൽമാൻ

വാഷിങ്ടൻ∙ മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിന്റെ പേരിൽ സൗദി ഭരണകൂടത്തെ കൈവിടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൗദി അറേബ്യയുമായി തന്ത്രപരമായ സഖ്യം നിലനിർത്തുകയും ആഗോള എണ്ണവില പിടിച്ചുനിർത്തുകയും ചെയ്യേണ്ടത് അമേരിക്കയുടെ പ്രഥമ താൽപര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അറിവോടെയാകാം ഖഷോഗി വധിക്കപ്പെട്ടതെന്ന് ആക്ഷേപമുയർന്ന സാഹചര്യത്തിൽ കടുത്ത നടപടി വേണമെന്ന ഭരണ–പ്രതിപക്ഷ സമ്മർദം തള്ളിയാണു ട്രംപ് സൗദി അനുകൂല നിലപാട് പരസ്യമാക്കിയത്. സൗദിയുമായുള്ള സൈനിക കരാർ റദ്ദാക്കില്ലെന്നും യുഎസ് പിൻമാറിയാൽ റഷ്യയും ചൈനയും മുതലാക്കുമെന്നും ട്രംപ് ചൂണ്ടിക്കാട്ടി. പ്രഥമ പരിഗണന അമേരിക്കയുടെ സമ്പദ്ഘടനയ്ക്കാണ്. സൗദി അറേബ്യ യുഎസിന്റെ ഉറച്ച പങ്കാളിയായി തുടരുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ട്രംപിന്റെ മരുമകനും വൈറ്റ് ഹൗസ് ഉപദേഷ്ടാവുമായ ജാറെദ് കഷ്‌നർക്കു സൗദി കിരീടാവകാശിയുമായി അടുത്ത ബന്ധമാണുള്ളത്.

ഒക്ടോബർ 2ന് ഇസ്തംബുളിലെ സൗദി കോൺസുലേറ്റിൽ ഖഷോഗി വധിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്, 17 സൗദി പൗരൻമാർക്ക് യുഎസ് കഴിഞ്ഞയാഴ്ച വിലക്ക് ഏർപ്പെടുത്തിയിരുന്നു. സമാന നടപടി സൗദി ഭരണകൂടത്തിനെതിരെയും വേണമെന്നാണ് ആവശ്യമുയർന്നത്. എന്നാൽ, ട്രംപ് ഭരണകൂടത്തിന്റെ മധ്യപൂർവദേശ നയത്തിന്റെ കേന്ദ്രസ്ഥാനത്തു സൗദിയാണുള്ളത്. അധികാരമേറ്റശേഷം ട്രംപ് ആദ്യം സന്ദർശിച്ച ഗൾഫ് രാജ്യവും സൗദിയായിരുന്നു.