Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഖ്യാത ഇറ്റാലിയൻ സംവിധായകൻ ബെർണാർദോ ബെർത്തൊലൂച്ചി വിട വാങ്ങി

Bernardo Bertolucci

റോം ∙ വിഖ്യാത ഇറ്റാലിയൻ സിനിമ സംവിധായകൻ ബെർണാർദോ ബെർത്തൊലൂച്ചി (77) അന്തരിച്ചു. ലോകസിനിമയിലെ അതികായകരിലൊരാളായ ബെർത്തൊലൂച്ചിയുടെ ‘ദ് ലാസ്റ്റ് എംപറർ’ (1988) മികച്ച സിനിമയ്ക്കുള്ള ഓസ്കർ പുരസ്കാരം നേടി.

അവസാനത്തെ ചൈനീസ് ചക്രവർത്തിയുടെ ജീവിതം ആവിഷ്കരിക്കുന്ന സിനിമ ആകെ 9 ഓസ്കർ പുരസ്കാരങ്ങളാണു നേടിയത്. മാർലൻ ബ്രാൻഡോയും മരിയ ഷിൻദെറും അഭിനയിച്ച ‘ ദ് ലാസ്റ്റ് ടാൻഗോ ഇൻ പാരിസ്’ (1972) തുറന്ന ലൈംഗികരംഗങ്ങളുടെ പേരിൽ വിവാദമുയർത്തിയിരുന്നു. ഇറ്റലി അടക്കം പല രാജ്യങ്ങളിലും വർഷങ്ങളോളം നിരോധിക്കപ്പെട്ടു. ‌ഇറ്റലിയിലെ തൊഴിലാളി സമരം പ്രമേയമായ ‘1900’, ഫാഷിസ്റ്റ് ഭരണകാലത്തെ രാഷ്ട്രീയ പീഡനങ്ങൾ ചിത്രീകരിച്ച ‘ദ് കൺഫോമിസ്റ്റ്’ എന്നീ സിനിമകളും പ്രശസ്തമാണ്.

മധ്യ ഇറ്റലിയിലെ പാമയിലാണു ജനനം. വിദ്യാർഥിയായിരിക്കെ കവിതകൾ എഴുതി ശ്രദ്ധേയനായി. 15–ാം വയസ്സിൽ കടം വാങ്ങിയ ക്യാമറ ഉപയോഗിച്ചാണ് 15 മിനിറ്റുള്ള ആദ്യ സിനിമയെടുത്തത്. 1961 ൽ കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കാതെ പസോളിനിയുടെ സംവിധാന സഹായിയായി സിനിമയിലെത്തി. 22–ാം വയസിൽ ‘ദ് ഗ്രിം റീപ്പർ’എന്ന ആദ്യസിനിമയിറങ്ങി. അവസാന ചിത്രമായ ‘ മീ ആൻഡ് യൂ’ 2012 ലെ കാൻ ചലച്ചിത്രോൽസവത്തിൽ ഉദ്ഘാടനചിത്രമായിരുന്നു.

‘ദ് ലാസ്റ്റ് ടാൻഗോ’യിലെ മാനഭംഗരംഗത്തെപ്പറ്റി ചിത്രീകരണത്തിനു മുൻപേ നടിക്ക് അറിവുണ്ടായിരുന്നില്ലെന്ന 2016 ലെ വെളിപ്പെടുത്തൽ ബെർത്തൊലൂച്ചിയെയും മാർലൻ ബ്രാൻഡോയെയും പ്രതിക്കൂട്ടിലാക്കി. ടാൻഗോയിൽ അഭിനയിക്കുമ്പോൾ ഫ്രഞ്ച് നടി മരിയ ഷിൻദെർക്കു 19 വയസ്സായിരുന്നു. അപമാനിക്കപ്പെട്ടുവെന്നു നടിയും മുൻപു വെളിപ്പെടുത്തിയിരുന്നു.