Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊറിയകൾക്കിടയിൽ കുതിക്കാൻ സമാധാനത്തിന്റെ ‘ഇരുമ്പു കുതിര’; ദക്ഷിണകൊറിയൻ ട്രെയിൻ ഉത്തരകൊറിയയിൽ

Koreas Diplomacy ഉത്തര കൊറിയയിലേക്കു നീങ്ങുന്ന ദക്ഷിണ കൊറിയയുടെ ട്രെയിൻ. ചിത്രം: റോയിട്ടേഴ്സ്

സോൾ∙ ദക്ഷിണ കൊറിയൻ എൻജിനീയർമാരും ഉദ്യോഗസ്ഥരും സഞ്ചരിച്ച ട്രെയിൻ അതിർത്തി കടന്ന്, ചരിത്രം കുറിച്ച്, ഉത്തര കൊറിയയിൽ പ്രവേശിച്ചു. ഒരു ദശകത്തിനിടെ ഉത്തര കൊറിയയിലേക്കു പോകുന്ന ദക്ഷിണ കൊറിയയുടെ ആദ്യ ട്രെയിനാണിത്.

രണ്ടു കൊറിയകൾക്കുമിടയിലെ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള സാധ്യതകളാരായാനും പാളങ്ങളുടെ പരിശോധന നടത്താനുമാണ് സംഘത്തിന്റെ യാത്ര. ഈ വർഷമാദ്യം ഇരുരാജ്യങ്ങളിലെയും ഭരണത്തലവന്മാരായ മൂൺ ജേ ഇന്നും കിം ജോങ് ഉന്നും നടത്തിയ ചർച്ചയിലാണ് റെയിൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ധാരണയായത്.

‘ഇരുമ്പു കുതിര സമാധാനത്തിന്റെയും സമൃദ്ധിയുടെയും പുതുയുഗത്തിലേക്ക് കുതിക്കുന്നു’ എന്ന ബാനർ പതിപ്പിച്ച ചുവപ്പും നീലയും വെള്ളയും നിറമുള്ള 6 ബോഗികളുള്ള ട്രെയിനാണ് അതിർത്തി കടന്നത്.

ഉത്തര കൊറിയയിലെ പാൻമുൻ സ്റ്റേഷനിൽ എത്തിയ ട്രെയിനിന്റെ ബോഗികൾ തുടർന്ന് ഉത്തര കൊറിയയുടെ എൻജിനിൽ ഘടിപ്പിക്കും. ദക്ഷിണ കൊറിയയുടെ എൻജിൻ അവിടെനിന്നു മടങ്ങും. ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥ – വിദഗ്ധ സംഘം 18 ദിവസം നേരത്തെയുണ്ടായിരുന്ന 2 പാതകളിൽ 2600 കിലോമീറ്റർ സഞ്ചരിച്ച് ട്രാക്കുകൾ പരിശോധിക്കും. പാതകളുടെ നവീകരണപദ്ധതി ഇവർ തയാറാക്കും.

1948 ൽ കൊറിയകൾ രണ്ടാകുന്നതിനു മുൻപ് രാജ്യത്തിന്റെ തെക്കു വടക്കും കിഴക്കു പടിഞ്ഞാറുമായാണ് 2 റെയിൽപ്പാതകളുണ്ടായിരുന്നത്.