Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാപാരയുദ്ധ വെടിനിർത്തലിന് ട്രംപ് – ഷി ചർച്ചയിൽ ധാരണ

us-china ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചർച്ചയ്ക്കിടെ.

ബ്യൂനസ് ഐറിസ് (അർജന്റീന) ∙ യുഎസ് – ചൈന വ്യാപാര യുദ്ധത്തിൽ താൽക്കാലിക വെടിനിർത്തൽ. ഇറക്കുമതിക്കുള്ള തീരുവ ഇരുരാജ്യങ്ങളും വർധിപ്പിച്ചത് 90 ദിവസത്തേക്കു മരവിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും ജി 20 ഉച്ചകോടിക്കിടെ നടത്തിയ ചർച്ചയിൽ ധാരണയായി.

ചൈനയിൽ നിന്നുള്ള ഇറക്കുമതിക്കു യുഎസ് പുതിയ തീരുവ ചുമത്തുന്നതു നിർത്തിവയ്ക്കും. അതുപോലെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കമ്മി കുറയ്ക്കുന്നതിന് യുഎസിൽ നിന്നുള്ള കൂടുതൽ ഉൽപന്നങ്ങൾ ചൈന ഇറക്കുമതി ചെയ്യും. പ്രശ്നപരിഹാരത്തിനുള്ള ഉഭയകക്ഷി ചർച്ച ഉടൻ ആരംഭിക്കും.

ചൈനയിൽ നിന്നുള്ള 20,000 കോടി ഡോളറിന്റെ ഇറക്കുമതിക്കുള്ള തീരുവ 10 ശതമാനത്തിൽ നിന്ന് 2019 ജനുവരി ഒന്നു മുതൽ 25% ആയി വർധിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കി ആഗോളതലത്തിൽ പ്രത്യാഘാതമുണ്ടാക്കുന്ന വ്യാപാരയുദ്ധ ഭീഷണിക്കിടയാക്കിയത്. വിൽപനയിൽ കർശന നിയന്ത്രണമുള്ള ലഹരിപദാർഥമായ ഫെന്റാനിൽ യുഎസിനു വിൽക്കുന്നവർക്ക് നിയമം അനുവദിക്കുന്ന പരമാവധി പിഴ ചുമത്തുമെന്ന് ചൈന അറിയിച്ചയായി വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സ് അറിയിച്ചു. 90 ദിവസത്തിനുള്ളിൽ ഇരുരാജ്യങ്ങളും കൂടിയാലോചനയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കും. ധാരണയിലെത്താനായില്ലെങ്കിൽ മാത്രമേ ഇറക്കുമതിക്ക് തീരുവ 25 ശതമാനമായി വർധിപ്പിക്കുകയുള്ളുവെന്നും അവർ പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള മറ്റു പ്രശ്നങ്ങൾ പരിഹരിക്കാനും ചർച്ചകളുടെ വഴിതേടും. കൊറിയൻ ഉപദ്വീപ് ആണവമുക്തമാക്കുന്നതിനായി ഉത്തര കൊറിയയുടെ പ്രസിഡന്റ് കിം ജോങ് ഉന്നുമായുള്ള സൗഹൃദം പ്രയോജനപ്പെടുത്താനും ട്രംപും ചിൻപിങ്ങും ധാരണയായി.