Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വതന്ത്ര ചിന്തയുടെ ഗുരുവിന് നവതി

Noam Chomsky നോം ചോംസ്‌കി

വിഖ്യാത ഭാഷാശാസ്ത്രജ്ഞനും രാഷ്ട്രീയ തത്വചിന്തകനുമായ നോം ചോംസ്‌കിക്കു നാളെ നവതി. 1960 കളിൽ പൗരാവകാശ മുന്നേറ്റങ്ങൾ പടർന്നുപിടിച്ച അമേരിക്കയിലെ ക്യാംപസുകളിൽ സ്വതന്ത്ര ചിന്തയുമായി വിദ്യാർഥികൾക്ക് ഊർജം പകർന്ന പ്രഫസർ തൊണ്ണൂറിലും അക്കാദമിക, രാഷ്ട്രീയ ലോകത്ത് സജീവം.

ഭാഷാശാസ്ത്ര പഠനങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങളാണു ചോംസ്കിയുടെ സിദ്ധാന്തങ്ങൾ കൊണ്ടുവന്നത്. 1950 കളിൽ ചോംസ്‌കി മുന്നോട്ടുവച്ച ‘സാർവലൗകികമായ വ്യാകരണം’ എന്ന ഭാഷാശാസ്ത്ര സിദ്ധാന്തം മാനവികതയുടെ ഏകതയിലാണ് ഊന്നുന്നത്. ലോകത്തിലെ എല്ലാ ഭാഷകൾക്കും പൊതുവായ ചില സ്വഭാവങ്ങൾ ഉണ്ട്. ഉദാഹരണത്തിന് അമ്മ എന്ന പദം എല്ലാ ഭാഷകളിലും സമാനത പുലർത്തുന്നു.

1928 ഡിസംബർ 7ന് യുഎസിലെ പെൻസിൽവേനിയ സംസ്ഥാനത്തു ഫിലഡെൽഫിയയിലെ മധ്യവർഗ ജൂത കുടുംബത്തിലാണു ജനനം. പുസ്തകങ്ങൾ വായിക്കാനുള്ള ആവേശത്തിൽ കൗമാരപ്രായത്തിൽ ന്യൂയോർക്കിലേക്ക് യാത്ര പതിവായിരുന്നു. അവിടെ ജൂതത്തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിലെ സന്ദർശനങ്ങൾ തന്റെ കാഴ്ചപ്പാടുകളെ സമഗ്രമായി സ്വാധീനിച്ചതായി ചോംസ്കി പറഞ്ഞിട്ടുണ്ട്.

15–ാം വയസ്സി‍ൽ യൂണിവേഴ്‌സിറ്റി ഓഫ് പെൻസിൽവേനിയയിൽ ചേർന്നു. 1955 ൽ ഭാഷാശാസ്ത്രത്തിൽ പിഎച്ച്ഡി ലഭിച്ചു. 1956 ൽ മാസച്യൂസിറ്റ്സ് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (എംഐടി) അധ്യാപകനായി ചേർന്നു. യൂറോപ്പിലെ ഫാഷിസത്തിന്റെ വളർച്ച സംബന്ധിച്ച് സ്കൂൾ മാഗസിനിൽ ലേഖനമെഴുതിയ ചോംസ്കി, 1960 കളിലാണു രാഷ്ട്രീയത്തിൽ സജീവമായത്. അക്കാദമിക ജീവിതത്തെയും രാഷ്ട്രീയജീവിതത്തെയും അദ്ദേഹം രണ്ടായി കണ്ടില്ല.

സാമ്പത്തികശക്തി സ്വരൂപിക്കാനായി വികസ്വരരാജ്യങ്ങളിൽ സൈനികമായി കടന്നുകയറുന്ന അമേരിക്കയുടെ വിദേശനയത്തെയാണു ചോംസ്‌കി മുഖ്യമായും വിമർശിച്ചത്. ജനാധിപത്യ രാജ്യങ്ങളിലും രാഷ്ട്രീയം നിയന്ത്രിക്കുന്നതു വ്യവസായ കുത്തകളാണെന്നും അവരെ സഹായിക്കാൻ മാധ്യമങ്ങൾ നുണപ്രചാരണം നടത്തുന്നതായും ചോംസ്‌കി വാദിച്ചു.

ഇസ്രയേലിന്റെ കടുത്ത വിമർശകനായ ചോംസ്കി, പലസ്തീനിൽ അടക്കം ലോകമെമ്പാടുമുള്ള പ്രതിരോധസമരങ്ങളെ പിന്തുണയ്ക്കുന്നു. ജെഎൻയുവിലെ വിദ്യാർഥിസമരത്തെ പിന്തുണച്ചും രംഗത്തുവന്നിരുന്നു. 90–ാം വയസ്സിലും തിരുത്തിയും നവീകരിച്ചും ഭാഷാപഠനങ്ങൾ തുടരുന്ന ചോംസ്കി വിദ്യാർഥികൾക്ക് എന്നും പ്രിയപ്പെട്ട പ്രഫസറാണ്. പ്രതിരോധ രാഷ്ട്രീയപ്രവർത്തകർക്കു ധൈഷണിക ഗുരുവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.