Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണാനന്തര ഗർഭപാത്ര ദാനത്തിലൂടെ ആദ്യ കുഞ്ഞ് ബ്രസീലിൽ; പ്രതീക്ഷയുടെ പുതുജന്മം

womb-transplant മരണാനന്തര അവയവദാനത്തിലൂടെ ഗർഭപാത്രം സ്വീകരിച്ച യുവതി ജന്മം നൽകി പെൺകുഞ്ഞിനുമായി ബ്രസീലിലെ സാവോ പോളോ സർവകലാശ ആശുപത്രിയിലെ ജീവനക്കാർ.

വാഷിങ്ടൻ ∙ ബ്രസീലിൽ മസ്തിഷ്ക മരണം സംഭവിച്ചയാളിൽനിന്ന് അവയവദാനത്തിലൂടെ ഗർഭപാത്രം സ്വീകരിച്ച യുവതി പെൺകുഞ്ഞിനു ജന്മം നൽകി. ജീവിച്ചിരിക്കുന്നവരുടെ ഗർഭപാത്രം സ്വീകരിച്ച് കുഞ്ഞിനു ജന്മം നൽകുന്നത് വിജയകരമായിരുന്നെങ്കിലും മരിച്ചവരുടെ ഗർഭപാത്രം സ്വീകരിച്ചുള്ള ഗർഭധാരണവും പ്രസവവും ആദ്യമായാണു വിജയിക്കുന്നത്. വൈദ്യശാസ്ത്രത്തിന്റെ ഈ നേട്ടം കുഞ്ഞുങ്ങളില്ലാത്ത ഒട്ടേറെ പേർക്കു പ്രതീക്ഷ നൽകുന്നതാണ്.

മസ്തിഷ്ക രക്തസ്രാവത്തെ തുടർന്നു മരിച്ച നാൽപ്പത്തഞ്ചുകാരിയുടെ ഗർഭപാത്രം 2016 സെപ്റ്റംബറിൽ പത്തര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണു ജന്മനാ ഗർഭപാത്രമില്ലാതിരുന്ന മുപ്പത്തിരണ്ടുകാരിയിൽ വച്ചുപിടിപ്പിച്ചത്. സ്വീകർത്താവിൽ ഗർഭപാത്രത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായെന്ന് ഉറപ്പാക്കി 7 മാസങ്ങൾക്കു ശേഷം ഭ്രൂണം നിക്ഷേപിച്ചു.

35 മാസവും 3 ദിവസവും പിന്നിട്ടപ്പോൾ സിസേറിയനിലൂടെ യുവതി രണ്ടര കിലോഗ്രാം തൂക്കമുള്ള പെൺകുഞ്ഞിനു ജന്മം നൽകുകയായിരുന്നുവെന്ന് ഗവേഷണത്തിനു നേതൃത്വം നൽകിയ ബ്രസീലിലെ സാവോ പോളോ സർവകലാശ ആശുപത്രിയിലെ ഡോ. ഡാനി എസൻബർഗ് പറഞ്ഞു. സിസേറിയനു പിന്നാലെ ഗർഭപാത്രം നീക്കം ചെയ്തു. കഴിഞ്ഞ ഡിസംബറിലായിരുന്നു പ്രസവം. കുഞ്ഞിന് ഒരു വയസ്സു തികയുന്ന വേളയിലാണ് ഗവേഷകർ വിവരം പുറത്തുവിട്ടത്.

വിജയിച്ചത് 11ാം ശ്രമം

മസ്തിഷ്ക മരണം സംഭവിച്ചയാളുടെ ഗർഭപാത്രം വച്ചുപിടിപ്പിച്ചു കുഞ്ഞിനു ജന്മം നൽകാനുള്ള ശ്രമം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മുൻപ് 10 വട്ടം നടന്നിട്ടുണ്ടെങ്കിലും വിജയകരമായില്ല. 11ാം ശ്രമമാണു സാവോ പോളോയിൽ വിജയം കണ്ടത്. എന്നാൽ ജീവിച്ചിരിക്കുന്നവരുടെ ഗർഭപാത്രം സ്വീകരിച്ച 39 സംഭവങ്ങൾ ഇതുവരെയുണ്ടായിട്ടുണ്ട്. 2013ൽ സ്വീഡനിലായിരുന്നു ഇത്തരത്തിലുള്ള ആദ്യ കുഞ്ഞു ജനിച്ചത്. ദാതാവിൽനിന്നു സ്വീകരിച്ച ഗർഭപാത്രം വഴി ഇതുവരെ 11 കുട്ടികൾ ജനിച്ചു.