Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകജനതയിൽ പാതിയും ഇന്റർനെറ്റിൽ

using-computer

ജനീവ ∙ ലോക ജനതയിൽ പാതിയും സൈബർ പൗരന്മാരായി. ഇപ്പോൾ 390 കോടി ജനങ്ങളാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നത്. 2018 അവസാനിക്കുന്നതോടെ ലോകജനസംഖ്യയിൽ 51.2 ശതമാനവും ഓൺലൈനാവും. വാർത്താവിനിമയവുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങൾക്കായുള്ള യുഎൻ ഏജൻസിയായ ഐടിയുവിന്റേതാണ് ഈ കണക്കുകൾ.

ഇക്കാര്യത്തിൽ മുൻപന്തിയിലായിരുന്ന സമ്പന്നരാജ്യങ്ങളിൽ ഇപ്പോൾ വളർച്ച മന്ദഗതിയിലായിട്ടുണ്ടെന്നാണ് കണക്ക്. 2005 ൽ 51.3% ആയിരുന്നത് ഇപ്പോൾ 80.9% ആയി. അതേസമയം, വികസ്വര രാജ്യങ്ങളിൽ വൻകുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. 13 വർഷം മുൻപ് 7.7% മാത്രമായിരുന്ന ഓൺലൈൻ ജനത ഇവിടെ ഇപ്പോൾ 45.3% ആയി. ആഫ്രിക്കയിലാണ് ഏറ്റവും വലിയ കുതിച്ചുകയറ്റം. ഇതേ കാലയളവിൽ 2.1% ൽ നിന്ന് 24.4% ആയി– പത്തിരട്ടി വളർച്ച.

ലോകമാകെ ലാൻഡ്‌ലൈൻ ഫോണുകൾ കുറഞ്ഞുവരുകയാണ്. 12.4% മാത്രമായി അത്. മൊബൈൽ–സെല്ലുലർ ഫോൺ ഉടമകളുടെ എണ്ണം ജനസംഖ്യയെയും കടത്തിവെട്ടി മുന്നേറുകയാണ്. മൊബൈൽ ബ്രോഡ്ബാൻഡ് വരിക്കാർ 2007 ൽ 100 ൽ നാലു പേർ മാത്രമായിരുന്നെങ്കിൽ ഇപ്പോഴത് 69.3 പേർ ആണ്. സജീവമായ മൊബൈൽ ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണം 530 കോടിയാണ്. ലോക ജനതയിൽ 96% മെബൈൽ ശൃംഖലയുടെ പരിധിയിലായിക്കഴിഞ്ഞു. 90 ശതമാനത്തിനും 3ജി അല്ലെങ്കിൽ അതിൽ കൂടിയ ഇന്റർനെറ്റ് സൗകര്യവുമുണ്ട്.