Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപുമായി തെറ്റി ജോൺ കെല്ലിയും പുറത്തേക്ക്

kelly

വാഷിങ്ടൻ ∙ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ബന്ധം വഷളായതിനെ തുടർന്നു വൈറ്റ് ഹൗസിൽനിന്നു മറ്റൊരു ഉന്നത ഉദ്യോഗസ്ഥൻ കൂടി പുറത്താകുന്നു. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോൺ കെല്ലി (68) ഈ വർഷാവസാനത്തോടെ ജോലിയിൽനിന്നു പിരിയുമെന്നു ട്രംപ് തന്നെയാണ് ശനിയാഴ്ച റിപ്പോർട്ടർമാരെ അറിയിച്ചത്. ‘ ജോൺകെല്ലി പിരിയുന്നു. അദ്ദേഹം വിരമിക്കുന്നു എന്നു പറയാമോ എന്നെനിക്കറിഞ്ഞുകൂടാ. പക്ഷേ, അദ്ദേഹം വലിയ ആളായിരുന്നു.’– ട്രംപ് പറഞ്ഞു.

പകരം തൽസ്ഥാനത്ത് ആരാണു വരുന്നതെന്നു തീരുമാനമായില്ലെന്നു ട്രംപ് പറഞ്ഞു. എന്നാൽ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ ചീഫ് ഓഫ് സ്റ്റാഫ് നിക്ക് അയേഴ്സ് (36) വരുമെന്നാണു സൂചന. ട്രംപിനെ ജോൺകെല്ലി ‘വിഡ്ഢി’ എന്നു വിളിച്ചെന്നും ‘അയാളെ എന്തെങ്കിലും പറഞ്ഞു മനസ്സിലാക്കാൻ ആരെക്കൊണ്ടും കഴിയില്ലെ’ന്നു പറഞ്ഞതായും പ്രശസ്ത പത്രപ്രവർത്തകൻ ബോബ് വുഡ്‌വേർഡ് നേരത്തേ എഴുതിയിരുന്നു. എന്നാൽ താൻ ഇങ്ങനെ പറഞ്ഞട്ടില്ലെന്നായിരുന്നു അന്നു കെല്ലിയുടെ പ്രതികരണം.