Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രെക്സിറ്റ്: വോട്ടെടുപ്പ് മാറ്റി; പ്രധാനമന്ത്രി തെരേസ മേയുടെ നടപടി പരാജയം മുന്നിൽക്കണ്ട്

theresa-may തെരേസ മേ

ലണ്ടൻ ∙ യൂറോപ്യൻ യൂണിയൻ (ഇയു) വിടാനുള്ള ബ്രെക്സിറ്റ് കരാർ നടപ്പാക്കണമോയെന്ന കാര്യത്തിൽ ബ്രിട്ടിഷ് പാർലമെന്റിൽ ഇന്നു നടത്താനിരുന്ന വോട്ടെടുപ്പ് മാറ്റിവച്ച് പ്രധാനമന്ത്രി തെരേസ മേ. ഭരണപക്ഷത്തുനിന്നു തന്നെ ശക്തമായ എതിർപ്പുയരുകയും വോട്ടെടുപ്പിൽ പരാജയപ്പെടുമെന്ന് ഏതാണ്ട് ഉറപ്പാകുകയും ചെയ്തതോടെയാണ് ഈ തീരുമാനം. ഭരണപക്ഷമായ കൺസർവേറ്റിവ് പാർട്ടിയിലെ (ടോറി) നൂറോളം എംപിമാർ കരാറിനെതിരാണെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്ന് ഉപദേശകരും മന്ത്രിമാരും പ്രധാനമന്ത്രിയോടു കൂറു പുലർത്തുന്ന എംപിമാരും വോട്ടെടുപ്പ്  വൈകിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

വോട്ടെടുപ്പ് ഇനി അടുത്ത ആഴ്ച മുതൽ ജനുവരി ആദ്യം വരെ നീളാം. ജനുവരി 21 ആണ് വോട്ടെടുപ്പിനുള്ള സമയപരിധി. വോട്ടെടുപ്പ് വൈകുമെന്ന വാർത്ത പുറത്തുവന്നതോടെ രാജ്യത്തെ കറൻസിയായ പൗണ്ടിന്റെ മൂല്യം കുത്തനെ ഇടിഞ്ഞ് 18 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. തെരേസ മേ കഴിഞ്ഞ ദിവസങ്ങളിൽ യൂറോപ്യൻ യൂണിയൻ പ്രതിനിധികളുമായി ടെലിഫോൺ ചർച്ചകൾ നടത്തിയെങ്കിലും കാര്യമായ ഗുണം ചെയ്തില്ല. കരാറിന്റെ വ്യവസ്ഥകളിൽ പുനർവിചിന്തനത്തിന് അവർ തയ്യാറല്ല.

വോട്ടെടുപ്പ് നീട്ടിവയ്ക്കാനുള്ള തീരുമാനത്തെ ‘നിരാശാജനകമായ നടപടി’ എന്നാണ് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ വിശേഷിപ്പിച്ചത്. വോട്ടെടുപ്പിൽ മേയുടെ പരാജയം ഏതാണ്ട് ഉറപ്പായതോടെ ഇടക്കാല തിരഞ്ഞെടുപ്പിന് സാധ്യത ഉയർന്നുവന്നിരുന്നു. അങ്ങനെയെങ്കിൽ ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ലേബർ പാർട്ടി.

ഇതേസമയം, യൂറോപ്യൻ യൂണിയനുമായി പിരിയാനുള്ള തീരുമാനത്തിൽ നിന്ന് നിരുപാധികവും ഏകപക്ഷീയവുമായി പിന്മാറാൻ ബ്രിട്ടന് അവസരമുണ്ടെന്ന് യൂണിയനിലെ പരമോന്നത കോടതി വിധിച്ചു. ബ്രെക്സിറ്റ് കരാറിൽ നിന്നു പിന്മാറാൻ മറ്റ് ഇയു അംഗങ്ങളുടെ അനുവാദം വേണമെന്ന യൂണിയൻ പ്രതിനിധിയുടെ വാദം കോടതി തള്ളി. 2016 ജൂൺ 23നു നടന്ന ഹിതപരിശോധനയിലാണ് ഇയു വിടാൻ ബ്രിട്ടൻ തീരുമാനിച്ചത്.