Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഇഡിയറ്റ്’ എന്നു തിരഞ്ഞാൽ ‌എന്തുകൊണ്ട് ട്രംപ് ചിത്രം ?

trump-Sundar-Pichai

വാഷിങ്ടൻ ∙ ‘ഗൂഗിൾ ഇമേജ് സേർച്ചിൽ ‘ഇഡിയറ്റ്’ എന്നു തിരഞ്ഞാൽ എന്തുകൊണ്ടാണ് ട്രംപിന്റെ ചിത്രം വരുന്നത്?’ . ഗൂഗിൾ സിഇഒയും ഇന്ത്യക്കാരനുമായ സുന്ദർ പിച്ചെയ്ക്ക് നേരെ യുഎസ് കോൺഗ്രസ് കമ്മിറ്റിയിൽ ഉയർന്ന ചോദ്യം. ഇന്റർനെറ്റിലെ സ്വകാര്യത, ഡേറ്റയുടെ ഉപയോഗം തുടങ്ങിയവയെക്കുറിച്ചു ബോധിപ്പിക്കാനായി കോൺഗ്രസ് കമ്മിറ്റിയുടെ മുൻപാകെ ഇന്നലെ പിച്ചെ ഹാജരാകവെയാണു സംഭവം.

ഗൂഗിൾ ഇമേജ് സെർച്ചിൽ ‘ഇഡിയറ്റ്’ എന്നു തിരഞ്ഞാൽ ആദ്യമെത്തുന്ന ചിത്രങ്ങളിൽ പലതും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റേതാണ്. കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗമായ സൂ ലോഫ്ഗ്രൻ, ഗൂഗിളിനെ കുറ്റപ്പെടുത്തി സദസ്സിൽ ഇതു സംബന്ധിച്ച സെർച്ച് നടത്തിക്കാട്ടിയതാണു വിവാദത്തിനു തുടക്കമിട്ടത്. തുടർന്ന് കോൺഗ്രസിലെ ഡമോക്രാറ്റിക് വനിതാ അംഗം കാരണം ആരാഞ്ഞു ചോദ്യം ഉന്നയിച്ചു.

ഗൂഗിളിൽ തിരയൽ എങ്ങനെ നടക്കുന്നുവെന്നും തിരയലുകളുടെ എണ്ണം, കാലികപ്രസക്തി, വ്യക്തികളുടെ സ്വീകാര്യത തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള നടപടിക്രമങ്ങൾ (അൽഗോരിതങ്ങൾ) ഫലങ്ങളെ എങ്ങനെ സ്വാധീനിക്കുന്നെന്നും പിച്ചെ ഒരു ക്ലാസ് തന്നെയെടുത്തെങ്കിലും അംഗങ്ങളിൽ പലർക്കും തൃപ്തിയായില്ല. തങ്ങളുടെ നല്ലകാര്യങ്ങൾ മറച്ചുവച്ച് മോശം കാര്യങ്ങൾ മാത്രം തിരയലിൽ ആദ്യമെത്തുന്നെന്നായിരുന്നു റിപ്പബ്ലിക്കൻ അംഗങ്ങളുടെ പ്രധാന ആരോപണം. എന്നാൽ ഗൂഗിളിനു രാഷ്ട്രീയ ചായ്‌വ് ഇല്ലെന്നു പിച്ചെ വ്യക്തമാക്കി.