Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടുത്ത തവണ ഒഴിയാമെന്ന് തെരേസയുടെ ഉറപ്പ്

theresa-may തെരേസ മേ

ലണ്ടൻ ∙ ‘പാർട്ടി അംഗങ്ങൾ നൽകിയ പിന്തുണയ്ക്കു നന്ദി, സഹപ്രവർത്തകരിൽ ഒരു വിഭാഗം എനിക്കെതിരെ വോട്ട് ചെയ്തു. അവർക്കു പറയാനുള്ളതും ഞാൻ ശ്രദ്ധയോടെ കേട്ടു, നന്ദി’– പാർട്ടിയിൽ അവിശ്വാസ പ്രമേയത്തെ ബുധനാഴ്ച രാത്രി അതിജീവിച്ച ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. ആകെയുള്ള 317 കൺസർവേറ്റിവ് പാർട്ടി എംപിമാരിൽ തെരേസയ്ക്കനുകൂലമായി 200 പേർ വോട്ട് ചെയ്തപ്പോൾ, 117 പേർ എതിർത്തു.

യൂറോപ്യൻ യൂണിയനിൽ നിന്നു പിന്മാറുന്നതു സംബന്ധിച്ച (ബ്രെക്സിറ്റ്) കരാറുമായി തെരേസ മുന്നോട്ടുപോകുന്നതിൽ പ്രതിഷേധിച്ചാണ് 48 എംപിമാർ പാർട്ടിയിൽ അവർക്കെതിരെ അവിശ്വാസം കൊണ്ടു വന്നത്. വോട്ടെടുപ്പിനു മുന്നോടിയായി നടന്ന ചർച്ചയിൽ 2022 ലെ പൊതുതിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകി. തുടർന്നു നടന്ന രഹസ്യ വോട്ടെടുപ്പിൽ 63% എംപിമാരുടെ പിന്തുണ നേടിയ തെരേസയ്ക്ക് ഇനി കുറഞ്ഞത് ഒരു വർഷമെങ്കിലും വെല്ലുവിളികളില്ലാതെ പാർട്ടി നേതാവായി തുടരാം.

അവിശ്വാസ പ്രമേയം വിജയിച്ചാൽ പാർട്ടി പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ തുടങ്ങണമെന്നാണു കീഴ്‌വഴക്കം. പരാജയപ്പെട്ട പ്രധാനമന്ത്രി കെയർടേക്കറായി തുടരുകയും ചെയ്യണം. ഇതേസമയം, ബ്രെക്സിറ്റ് കരാറിലെ വിവാദ വ്യവസ്ഥകളെക്കുറിച്ചു ബ്രസ്സൽസിൽ താൻ യൂറോപ്യൻ യൂണിയൻ നേതാക്കളുമായി ചർച്ച നടത്തുമെന്നു തെരേസ മേ അറിയിച്ചു.

related stories