Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിന്റെ സഹായിക്ക് 3 വർഷം ജയിൽ; ട്രംപിനു മേലുള്ള കുരുക്ക് കൂടുതൽ മുറുകുന്നു

Donald Trump ഡോണൾഡ് ട്രംപ്

ന്യൂയോർക്ക് ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുൻ അഭിഭാഷകൻ മൈക്കൽ കോഹനു (52) മൂന്നു വർഷത്തെ തടവുശിക്ഷ. ട്രംപുമായി അവിഹിത ബന്ധമുണ്ടായിരുന്ന 2 സ്ത്രീകളെ പണം നൽകി നിശ്ശബ്ദരാക്കിയതടക്കം 8 കുറ്റങ്ങൾക്കാണ് ശിക്ഷ. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥിതിഗതികൾ അനുകൂലമാക്കാൻ ട്രംപിനു വേണ്ടി പണം ചെലവിട്ടുവെന്നു തെളിഞ്ഞതോടെ ഇത് ട്രംപിനു കുരുക്കായി മാറുമെന്ന് ഉറപ്പായി.

Michael-Cohen മൈക്കൽ കോഹൻ

ഇതിനിടെ കേസിൽ നിന്നു രക്ഷപ്പെടാൻ, നാഷനൽ എൻക്വയറർ എന്ന പത്രവും ഇതു തിരഞ്ഞെടുപ്പ് സാധ്യത മെച്ചപ്പെടുത്താൻ ചെയ്തതാണെന്നു സമ്മതിച്ചു. ഇതോടെ ട്രംപിനു മേലുള്ള കുരുക്ക് കൂടുതൽ മുറുകി. പദവിയിലിരിക്കെ നിയമനടപടി അസാധ്യമായതിനാൽ സ്ഥാനമൊഴിഞ്ഞാലുടൻ ട്രംപിന്റെ പേരിൽ കുറ്റം ചുമത്തപ്പെടാം. ഓഗസ്റ്റിൽ നൽകിയ കുറ്റസമ്മതത്തിൽ തന്നെ മോഡൽ കരെൻ മക്ഡുഗലിനു 1.5 ലക്ഷം ഡോളർ കൊടുത്തത് ട്രംപിന്റെ നിർദേശപ്രകാരമാണെന്നു കോഹൻ പറഞ്ഞിരുന്നു. അശ്ലീലചിത്ര നടി സ്റ്റോമി ഡാനിയൽസിനു 1.3 ലക്ഷം ഡോളറും നൽകി.

ട്രംപിന്റെ ഇടനിലക്കാരനായി ദീർഘനാളുകളായി പ്രവർത്തിച്ചുവരുകയായിരുന്ന കോഹൻ, തനിക്കു വേണ്ടിയും ട്രംപിനു വേണ്ടിയും ചെയ്ത കാര്യങ്ങൾക്കെല്ലാം പൂർണ ഉത്തരവാദിയാണെന്ന് കോടതിയിൽ ഏറ്റുപറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിനായി ഇതു രണ്ടും ചെയ്തത് ട്രംപിന്റെ ഉത്തരവനുസരിച്ചാണെന്നു കരുതുന്നതായി പ്രോസിക്യൂട്ടർമാർ കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

തിരഞ്ഞെടുപ്പു ലക്ഷ്യമിട്ട് വിലയുള്ളതെന്തും കൊടുത്താൽ അതു വെളിപ്പെടുത്തണമെന്നാണ് നിയമം. ഒരു വ്യക്തിക്ക് 2700 ഡോളറിൽ അധികം സംഭാവനയായി നൽകുതെന്നും വ്യവസ്ഥയുണ്ട്. നികുതി വെട്ടിപ്പ്, ബാങ്കുകളെ തെറ്റിദ്ധരിപ്പിക്കൽ, റഷ്യയിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന ട്രംപ് ടവർ സംബന്ധിച്ച് കോൺഗ്രസ് മുൻപാകെ കളവ് പറയൽ തുടങ്ങിയവയാണ് കോഹനെതിരായ മറ്റു കുറ്റങ്ങൾ.