Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാരിസ് ഉടമ്പടിക്ക് പുതുജീവൻ: ചട്ടങ്ങൾക്കു രൂപമായി

x-default

കാറ്റോവീറ്റ്സ(പോളണ്ട്)∙ കാലാവസ്ഥാവ്യതിയാനം നേരിടുന്നതിനുള്ള 2015 ലെ പാരിസ് ഉടമ്പടി പ്രാബല്യത്തിലാക്കാനാവശ്യമായ വിശദമായ നടപടിക്രമങ്ങൾക്ക് 200 രാജ്യങ്ങൾ പങ്കെടുത്ത ഉച്ചകോടിയിൽ തീരുമാനമായി. ഭിന്നതകൾക്കിടയിൽ രണ്ടാഴ്ച നീണ്ട ചർച്ചകൾക്കൊടുവിലുണ്ടായ തീരുമാനം അപര്യാപ്തമാണെന്ന നിലപാടിലാണ് ആഗോള ഹരിത സംഘടനകൾ. എന്നാൽ പാരിസ് ഉടമ്പടിക്കു ശക്തി പകരുന്നതും ഉടമ്പടിയിൽ നിന്ന് ഒഴിവായ യുഎസിനെ തിരിച്ചുകൊണ്ടുവരുന്നതിനും സഹായകരമാണിതെന്നു പ്രതിനിധികൾ പറഞ്ഞു.

ഹരിതഗൃഹ വാതക നിയന്ത്രണം സംബന്ധിച്ചുള്ള ഓരോ രാജ്യത്തിന്റെയും പ്രഖ്യാപനങ്ങളും നടപ്പാക്കലുമായും ബന്ധപ്പെട്ട കാര്യങ്ങളിലാണ് ധാരണയായത്. 2015ലെ പാരിസ് ഉച്ചകോടിയിൽ ആഗോള താപനിലയിലെ വർധന 2 ഡിഗ്രി സെൽഷ്യസ് എങ്കിലും കുറയ്ക്കണമെന്നാണ് തീരുമാനിച്ചിരുന്നത്. ഈ ലക്ഷ്യം നേടുന്നതിനാവശ്യമായ മാർഗനിർദേശങ്ങളാണ് രൂപപ്പെടുത്തിയത്.

താപനിലയിൽ 3 മുതൽ 5 വരെ സെൽഷ്യസ് കൂടിയേക്കാമെന്ന നിലയിലാണ് കാര്യങ്ങൾ പോകുന്നതെന്ന് ലോക കാലാവസ്ഥാ സംഘടന ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതുപോലൊരു വിഷയത്തിൽ ധാരണയിലെത്തുക അത്ര എളുപ്പമല്ലെങ്കിലും ഈ നടപടിയിലൂടെ അംഗരാജ്യങ്ങൾ ഒന്നിച്ച് ആയിരം ചെറിയ ചുവടുവയ്പുകൾ നടത്തിയെന്നും അതിൽ അഭിമാനിക്കാമെന്നുമാണ് അധ്യക്ഷൻ മിച്ചൽ കുർതികയുടെ പ്രതികരണം.

ബ്രസീലും ഇതര രാജ്യങ്ങളും തമ്മിലുണ്ടായ തർക്കം അവസാന നിമിഷം തീർന്നതോടെയാണ് പാരിസ് ഉടമ്പടിക്ക് പുതുജീവൻ ലഭിച്ചത്.