Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റീൽ മിൽ അഴിമതിക്കേസ്: ഷരീഫിന് 7 വർഷം തടവ്

nawaz-sharif-1

ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന് (68) അൽ അസീസ സ്റ്റീൽ മിൽ അഴിമതിക്കേസിൽ 7 വർഷം തടവും 25 ലക്ഷം ഡോളർ പിഴയും. എന്നാൽ മറ്റൊരു അഴിമതിക്കേസിൽ പാക്ക് അക്കൗണ്ടബിലിറ്റി കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. വിധി പ്രഖ്യാപനത്തെതുടർന്നു കോടതിയിൽ നിന്നു തന്നെ പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു.

ഷരീഫിന്റെ പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് – നവാസ് (പിഎംഎൽ – എൻ) പാർട്ടി അനുയായികൾ വിധി കേട്ട ഉടനെ കോടതി വളപ്പിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസിന് കണ്ണീർവാതക പ്രയോഗവും ലാത്തിച്ചാർജും നടത്തേണ്ടി വന്നു.

ഷരീഫിനെതിരെ 3 പ്രധാന കേസുകളാണ് 2017 സെപ്റ്റംബർ 8ന് ദേശീയ അക്കൗണ്ടബിലിറ്റി ബ്യൂറോ കൊണ്ടുവന്നത്. ഇതിൽ അഴിമതിപ്പണം കൊണ്ട് ലണ്ടനിൽ ആഡംബര ഫ്ലാറ്റുകൾ വാങ്ങിയെന്ന കേസിൽ ഷരീഫിന് 11 വർ‌ഷവും മകൾ മറിയത്തിന് 8 വർഷവും മരുമകൻ മുഹമ്മദ് സഫ്ദറിന് ഒരു വർഷവും തടവു വിധിച്ചിരുന്നു.

മറ്റു 2 കേസുകളായ ഫ്ലാഗ്‌ഷിപ് നിക്ഷേപ കേസ്, അൽ അസീസ സ്റ്റീൽ മിൽ അഴിമതിക്കേസ് എന്നിവയിൽ വിധി പ്രഖ്യാപിക്കാനുള്ള അവസാന ദിവസമായി ഡിസംബർ 24 ആണ് സുപ്രീംകോടതി നിജപ്പെടുത്തിയിരുന്നത്. ഷരീഫിനെതിരെയുള്ള 3 കേസുകളിലും അദ്ദേഹത്തിന്റെ ആൺമക്കളായ ഹസനും ഹുസൈനും കൂട്ടു പ്രതികളാണ്. എന്നാൽ ഇരുവരും ഒളിവിലാണ്.