Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീസ വ്യവസ്ഥകളിലെ മാറ്റം: യുഎസ് വാഴ്സിറ്റികൾ സർക്കാരിനെതിരെ

വാഷിങ്ടൻ ∙ വിദേശ വിദ്യാർഥികൾക്കുള്ള വീസ വ്യവസ്ഥകളിൽ ട്രംപ് ഭരണകൂടം വരുത്തിയ മാറ്റങ്ങൾക്കെതിരെ യുഎസിലെ 65 പ്രമുഖ സർവകലാശാലകൾ കോടതിയെ സമീപിച്ചു. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തെ പിന്നോട്ടടിക്കുന്നതാണ് സർക്കാർ തീരുമാനമെന്ന് ഹാർവഡ് ഉൾപ്പെടെയുള്ള സർവകലാശാലകൾ ചൂണ്ടിക്കാട്ടി. 

വീസ കാലാവധി അവസാനിച്ച ശേഷം 6 മാസത്തിലധികം തുടരുന്നവരെ അനധികൃത താമസക്കാരായി കണക്കാക്കി മാതൃരാജ്യത്തേക്കു തിരിച്ചയയ്ക്കുകയും തുടർന്നുള്ള 3 വർഷത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതി. അനധികൃത താമസക്കാരായി പ്രഖ്യാപിച്ച് ഉത്തരവിറക്കുന്ന ദിവസം മുതലുള്ള 6 മാസമാണ് കണക്കാക്കിയിരുന്നത്. എന്നാൽ, കഴി‍ഞ്ഞ ഓഗസ്റ്റിൽ ട്രംപ് ഭരണകൂടം വരുത്തിയ മാറ്റം അനുസരിച്ച് ആഭ്യന്തര സുരക്ഷാ വകുപ്പിന് മുൻകാല പ്രാബല്യത്തോടെ ഈ ഉത്തരവ് പുറപ്പെടുവിക്കാനാകും. ഇതോടെ പഠനം പൂർത്തിയായ വിദ്യാർഥികൾ സാവകാശം ലഭിക്കാതെ പുറത്താക്കപ്പെടും. വീണ്ടും എത്തുന്നത് 10 വർഷംവരെ തടയപ്പെടുമെന്നും സർവകലാശാലകൾ ബോധിപ്പിച്ചു. 

എഫ്, ജെ, എം വിഭാഗങ്ങളിൽപ്പെട്ട വീസയുള്ള പതിനായിരക്കണക്കിനു വിദ്യാർഥികളെ നിയമം പ്രതികൂലമായി ബാധിക്കും. വിദേശ വിദ്യാർഥികളുടെ എണ്ണം കുറയുന്നത് രാജ്യത്തെ സമ്പദ് വ്യവസ്ഥയെയും തൊഴിൽ ലഭ്യതയെയും ബാധിക്കുമെന്നും സർവകലാശാലകൾ ചൂണ്ടിക്കാട്ടുന്നു.