Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുദ്ധങ്ങൾ അവസാനിക്കട്ടെ; സാഹോദര്യം പുലരട്ടെ

Pope Francis

വത്തിക്കാൻ സിറ്റി ∙ സമാധാനവും സാഹോദര്യ ബന്ധവും ഊട്ടിയുറപ്പിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പയുടെ ക്രിസ്മസ് സന്ദേശം. സിറിയയും യെമനും പോലെ സംഘർഷ മേഖലകളിൽ ജനങ്ങളുടെ ദുരിതങ്ങളവസാനിക്കട്ടെയെന്നും മാർപാപ്പയുടെ പ്രാർഥിച്ചു. ക്രിസ്മസ് പുണ്യദിനത്തിൽ അരലക്ഷത്തോളം പേരാണു വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഒത്തുകൂടിയത്.

രാജ്യങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള സാഹോദര്യവും ആദർശത്തിലും മതവിശ്വാസത്തിലും വിഭിന്നരായവർ തമ്മിലുള്ള സാഹോദര്യവും ലോകത്തു പുലരട്ടെയെന്നാശംസിച്ച മാർപാപ്പ, മനുഷ്യന്റെ അത്യാഗ്രഹത്തിന് അറുതിയുണ്ടായി ലാളിത്യമറിയട്ടെയെന്നും പ്രാ‍ർഥിച്ചു. സിറിയയിൽ വേണ്ടതു രാഷ്ട്രീയ പരിഹാരമാണെന്നും യുദ്ധം മൂലം പലായനം ചെയ്തവർക്കു തിരികെയെത്താനും സമാധാനത്തോടെ ശിഷ്ടജീവിതം നയിക്കാനുമുള്ള സാഹചര്യം ഒരുക്കണമെന്നും നിർദേശിച്ചു.

ഇസ്രയേൽ– പലസ്തീൻ സമാധാന ചർച്ച പുനരാരംഭിച്ചു കാണാനുള്ള ആഗ്രഹവും അദ്ദേഹം പങ്കുവച്ചു. സൂനാമി ദുരന്തത്തിൽ കൊല്ലപ്പെട്ടവർക്കു വേണ്ടി പ്രാർഥിച്ചാണ് ഇന്തൊനീഷ്യയിൽ ക്രിസ്മസ് ആഘോഷം. മതപരമായ വിഭാഗീയതകളെ കരുതിയിരിക്കണമെന്നു ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു. സ്പെയിനിലെ ബാർസലോനയിൽ ഭീകരാക്രമണ മുന്നറിയിപ്പിന്റെ ആശങ്കയിലായിരുന്നു ക്രിസ്മസ് ആഘോഷം. ഫ്രാൻസിൽ പ്രസിഡന്റ് ഇമ്മാനുവൽ മക്രോയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചു തെരുവിൽ തമ്പടിച്ച പ്രക്ഷോഭകർ കയ്യിലുള്ള ഭക്ഷണം പങ്കിട്ട് ക്രിസ്മസ് ആഘോഷമാക്കി.

ഭരണസ്തംഭനം; യുഎസിൽ നക്ഷത്ര ദീപങ്ങൾ കണ്ണടച്ചു

വാഷിങ്ടൻ ∙ യുഎസിൽ ഏതാനും ദിവസങ്ങളായി തുടരുന്ന ഭരണസ്തംഭനം ക്രിസ്മസിന്റെ പ്രകാശം കെടുത്തി. ട്രഷറി പ്രതിസന്ധി മൂലം സർക്കാരിന്റെ ദേശീയ ക്രിസ്മസ് മരം തെളിഞ്ഞില്ല. എന്നാൽ, കുട്ടികൾക്കായി സാന്തായുടെ സഞ്ചാരപാത തൽസമയം പിന്തുടരുന്ന സേനയുടെ വാർഷിക പരിപാടിക്കു മാത്രം തടസം നേരിട്ടില്ല. സാന്താ ഇന്നും ജനഹൃദയങ്ങളിൽ ജീവിച്ചിരിപ്പുണ്ടെന്നുതിനു തെളിവാണു നാടെങ്ങും അലയടിക്കുന്ന ക്രിസ്മസ് ആഹ്ലാദമെന്നു പെന്റഗൺ പുറത്തിറക്കിയ ക്രിസ്മസ് കൈപ്പുസ്തകത്തിൽ പറയുമ്പോൾ, സാന്തായുണ്ടോയെന്നു യുഎസ് പ്രസിഡന്റ് തന്നെ സംശയം പ്രകടിപ്പിച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലായി. ഏഴു വയസ്സുള്ള ബാലനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ‘ചുവന്ന ഉടുപ്പിട്ട് ആഘോഷപൂർവം വരുന്ന ആ കക്ഷി’യിൽ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോയെന്നു ട്രംപ് ചോദിച്ചത്.