Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസിൽ മതിൽതർക്കം തുടരുന്നു; ഭരണസ്തംഭനം രണ്ടാം വാരത്തിലേക്ക്

Donald Trump

വാഷിങ്ടൻ ∙ അതിർത്തി മതിലിനു പണം തേടിയുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അഭ്യർഥനയെച്ചൊല്ലിയുള്ള തർക്കത്തിൽ യുഎസിൽ ഭാഗിക ഭരണസ്തംഭനം തുടരുന്നു. അനധികൃത കുടിയേറ്റക്കാരെ തടയാൻ യുഎസ് – മെക്സിക്കോ അതിർത്തിയിൽ മതിൽ നിർമിക്കാൻ പണം വകയിരുത്താതെ ഭരണച്ചെലവ് ബില്ലിൽ ഒപ്പുവയ്ക്കില്ലെന്ന ട്രംപിന്റെ നിർബന്ധത്തിനു പ്രതിപക്ഷത്തെ ഡെമോക്രറ്റുകൾ വഴങ്ങാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. സെനറ്റിൽ ഭൂരിപക്ഷമുണ്ടെങ്കിലും ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് ജനപ്രതിനിധിസഭയിൽ ഭൂരിപക്ഷമില്ല.

കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ച പ്രതിസന്ധിയിൽ 8 ലക്ഷത്തോളം ഫെഡറൽ ജീവനക്കാർക്കു ശമ്പളം മുടങ്ങി. ഇരുകൂട്ടരും പരസ്പരം പഴിക്കുന്നതു തുടരുമ്പോൾ ഭരണസ്തംഭനം പുതുവർഷത്തേക്കു തുടരുന്ന സ്ഥിതിയാണ്. 3,200 കിലോമീറ്റർ അതിർത്തി മതിലിനായി 500 കോടി ഡോളറാണ് ട്രംപ് ആവശ്യപ്പെടുന്നത്. അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാനായി ഡെമോക്രാറ്റുകൾ അമേരിക്കൻ ജനതയെ മറക്കുകയാണെന്ന് വൈറ്റ്ഹൗസ് വക്താവ് സാറാ സാൻഡേഴ്സ് ആരോപിച്ചു.