Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയുടെ വാൽസല്യ മുത്തം കിട്ടി, കുഞ്ഞ് അബ്ദുല്ല യാത്രയായി

abdullah-hassan-and-ali-hassan അബ്ദുല്ല ഹസനു ചുംബനം നൽകുന്ന പിതാവ് അലി ഹസ്സൻ.

ഓക്‌ലൻഡ് (യുഎസ്) ∙ ഉമ്മവച്ചു കെട്ടിപ്പുണർന്നു കരഞ്ഞ അമ്മയെ അവസാനമായി കണ്ട്  ആ രണ്ടുവയസ്സുകാരൻ യാത്രയായി. യുഎസ് യാത്രയ്ക്കു വിലക്കു നേരിട്ടതിനാൽ, മരണം കാത്തുകഴിയുന്ന മകനെ കാണാൻ സാധിക്കാതിരുന്ന യെമൻ സ്വദേശിയായ അമ്മയുടെ കദനകഥയിലൂടെ വാർത്തകളിൽ നിറഞ്ഞ പിഞ്ചുബാലൻ അബ്ദുല്ല ഹസനാണു രോഗത്തിനു കീഴടങ്ങിയത്.

ജനിതക തകരാറു മൂലം തലച്ചോറിൽ ഗുരുതര രോഗം ബാധിച്ച കുഞ്ഞിനെ കാണാൻ യുഎസിലെത്താനും ഓക്‌ലൻഡിലുള്ള ആശുപത്രി സന്ദർശിക്കാനും അമ്മ ഷൈമ സ്വിലെയ്ക്കു നിയമപോരാട്ടത്തിലൂടെ സാധിച്ചതിനു പിന്നാലെയാണു മരണം. കഴിഞ്ഞ 19ന് ഷൈമ മകന്റെയടുത്തെത്തിരുന്നു. ജീവൻരക്ഷാ സംവിധാനത്തിന്റെ സഹായത്തോടെയായിരുന്നു കുഞ്ഞ് കഴിഞ്ഞിരുന്നത്. കുഞ്ഞിനു രോഗം കണ്ടെത്തിയതോടെ യുഎസ് പൗരനായ പിതാവ് അലി ഹസനാണ് ഓക്‌ലൻഡിലെ ആശുപത്രിയിലേക്കു കൊണ്ടുവന്നത്.

അതിനിടെ യെമൻ ഉൾപ്പെടെ രാജ്യങ്ങളിൽനിന്നുള്ളവർക്കു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യാത്രാവിലക്ക് ഏർപ്പെടുത്തിയതാണ് ഷൈമയ്ക്കു ദുരിതമായത്. ഈജിപ്തിൽ വച്ചു വിവാഹിതരായശേഷം  2016ൽ ദമ്പതികൾ യെമനിൽ താമസമാക്കുകയായിരുന്നു.