ട്രംപ് മെക്സിക്കോ അതിർത്തിയിൽ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും

Donald-Trump
SHARE

വാഷിങ്ടൻ ∙ മെക്സിക്കൻ അതിർത്തിയിൽ മതിൽ പണിയുമെന്ന വാശിയിൽ നിൽക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അതിർത്തി മേഖലകൾ സന്ദർശിച്ചു. മതിൽ നിർമാണത്തിനുള്ള പണം കണ്ടെത്തുന്നതിന് യുഎസ് കോൺഗ്രസിനെ മറികടക്കാൻ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലേക്ക് അടുക്കുകയാണ് ട്രംപ് എന്നു കരുതുന്നു. അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചാൽ പ്രസിഡന്റിന് കോൺഗ്രസിന്റെ അംഗീകാരമില്ലാതെ പണം നീക്കി വയ്ക്കാം.

570 കോടി യുഎസ് ഡോളറാണ് (40,000 കോടി രൂപയിലേറെ) മതിൽ നിർമാണത്തിന് ട്രംപ് ആവശ്യപ്പെട്ടിട്ടുള്ളത്. അനധികൃത കുടിയേറ്റവും ലഹരിമരുന്നു കടത്തും തടയുകയാണ് മതിലിന്റെ ലക്ഷ്യം. ട്രംപിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു ഇത്. എന്നാൽ, മതിൽ നിർമാണത്തെ കോൺഗ്രസിൽ ഡെമോക്രാറ്റുകൾ നിരന്തരം എതിർത്തു വരികയാണ്. ‘കുടിയേറ്റ നിയമം പരിഷ്കരിക്കുമെന്നു പറയാൻ തുടങ്ങിയിട്ട് 30–35 വർഷമായി. അതിന് ഇനിയും സമയമെടുക്കും. അതിനു മുൻപ് നമ്മൾ ഒരു വേലി കെട്ടേണ്ടതുണ്ട്. അനധികൃതമായ ആളുകളോ വസ്തുക്കളോ യുഎസ് മണ്ണിലെത്തരുത്’– അതിർത്തി സംസ്ഥാനമായ ടെക്സസിൽ ട്രംപ് പറഞ്ഞു.

ഇതിനിടെ 8 ലക്ഷത്തോളം ഫെഡറൽ ജീവനക്കാർക്കു ശമ്പളം മുടക്കി തുടരുന്ന ഭരണസ്തംഭനം 21 ദിവസം പിന്നിട്ടു. സ്തംഭനം അവസാനിപ്പിക്കാൻ സ്പീക്കർ നാൻസി പെലോസി മുൻകൈയെടുത്തു നടത്തിയ ചർച്ചയിൽ നിന്നു കഴിഞ്ഞ ദിവസം ട്രംപ് ക്ഷുഭിതനായി ഇറങ്ങിപ്പോയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA