സിറിയൻ കുർദുകളെ തൊടരുതെന്ന് യുഎസ്; ഭീഷണി വേണ്ടെന്ന് തുർക്കി

Trumph
SHARE

വാഷിങ്ടൻ ∙ സിറിയയിലെ യുഎസ് പിന്തുണയുള്ള കുർദ് വിഭാഗങ്ങളെ ആക്രമിച്ചാൽ, തുർക്കിയെ സാമ്പത്തികമായി തകർത്തുകളയുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ ഭീഷണി തള്ളിയ തുർക്കി, ‘ഭീകരർ’ക്കെതിരായ യുദ്ധം തുടരുമെന്നു വ്യക്തമാക്കി. കഴിഞ്ഞ മാസമാണു രണ്ടായിരത്തോളം വരുന്ന യുഎസ് സൈനികരെ പിൻവലിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചത്. കഴിഞ്ഞയാഴ്ച പിൻമാറ്റം തുടങ്ങി.

യുഎസ് സേന പിൻമാറുന്ന സാഹചര്യത്തിൽ കുർദ് പോരാളികൾക്കെതിരെ തുർക്കി ആക്രമണ ഭീഷണി ഉയർത്തിയിരുന്നു. ഞായറാഴ്ച ട്വിറ്റർ സന്ദേശത്തിലാണു ട്രംപ് തുർക്കിക്കു മുന്നറിയിപ്പു നൽകിയത്. എന്നാൽ, ഭീകരസംഘടനയായ ഐഎസും സിറിയയിലെ കുർദിഷ് പീപ്പിൾസ് പ്രൊട്ടക്‌ഷൻ യൂണിറ്റ്സും (വൈപിജി) തമ്മിൽ വ്യത്യാസമില്ലെന്നാണു തുർക്കി പ്രസിഡന്റ് തയീപ് എർദോഗന്റെ വക്താവ് പ്രതികരിച്ചത്. യുദ്ധം ഭീകരർക്കെതിരെയാണെന്നും കുർദുകൾക്കെതിരെ അല്ലെന്നും തുർക്കി വ്യക്തമാക്കി.

തുർക്കി ഭരണകൂടത്തിനെതിരെ ദശകങ്ങളായി വിഘടനവാദം ഉയർത്തി സായുധപോരാട്ടം നടത്തുന്ന കുർദിഷ് വർക്കേഴ്സ് പാർട്ടി (പികെകെ)യുടെ ഭാഗമാണു സിറിയയിലെ വൈപിജി എന്നാണു തുർക്കിയുടെ നിലപാട്. ഉത്തര സിറിയയിൽ ഐഎസിനെതിരായ യുദ്ധത്തിൽ സഖ്യസേനയ്ക്കൊപ്പമായിരുന്നു കുർദ് പോരാളികൾ. 2015 ലാണ് യുഎസ് സൈന്യം കുർദുകൾക്കു പരിശീലനം നൽകാൻ തുടങ്ങിയത്. സിറിയയുടെ 30% ഭൂപ്രദേശം ഇപ്പോൾ വൈപിജിയുടെ നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സസിന്റെ (എസ്‌ഡിഎഫ്) നിയന്ത്രണത്തിലാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA