പ്രതീക്ഷ കാത്ത് മെർക്കൽ; കരുതലോടെ മക്രോ

Tulip-Siddiq
SHARE

ബർലിൻ / പാരിസ് ∙ ‘കൂടിയാലോചനകൾക്ക് ഇനിയും സമയമുണ്ട്. എന്നാൽ തെരേസ മേയുടെ നിർദേശമെന്തെന്ന് ആദ്യമറിയട്ടെ’– ബ്രെക്സിറ്റ് കരാർ പരാജയത്തോടു ജർമൻ ചാൻസലർ അംഗല മെർക്കൽ പ്രതികരിച്ചതിങ്ങനെ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ പ്രതികരണത്തിൽ അത്രത്തോളം പോലും ശുഭപ്രതീക്ഷയില്ല – ‘ഒന്നോ രണ്ടോ ഭേദഗതികൾ പരിഗണിക്കാനായേക്കും. എന്നാൽ ഇതിനകം തന്നെ പരമാവധി ഇളവുകൾ ചെയ്തുകഴിഞ്ഞതിനാൽ അക്കാര്യത്തിൽ പോലും ഉറപ്പില്ല.’

അതിനിടെ, ബ്രെക്സിറ്റ് നടപ്പാക്കാനുള്ള സമയപരിധി മാർച്ച് 29ന് അപ്പുറത്തേക്കു നീട്ടിവയ്ക്കുക സാധ്യമാണെന്നു ഫ്രാൻസിലെ യൂറോപ്യൻ കാര്യ മന്ത്രി നതലി ല്വസൊ അറിയിച്ചു. കരാറിൽ കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കേണ്ടെന്നാണു മക്രോയുടെ ഓഫിസിലെ ഉദ്യോഗസ്ഥരിലൊരാൾ പറ‍ഞ്ഞത്. പരിഹാരനിർദേശം യൂറോപ്യൻ യൂണിയനിൽ നിന്നല്ല, ബ്രിട്ടന്റെ ഭാഗത്തുനിന്നാണു വരേണ്ടതെന്നും ചൂണ്ടിക്കാട്ടി.

കരാർ പാസായാലും ഇല്ലെങ്കിലും ബ്രെക്സിറ്റ് നടപ്പാക്കേണ്ടത് എങ്ങനെയെന്നു പൊതുധാരണ ആവശ്യമാണെന്നു മക്രോ ചൂണ്ടിക്കാട്ടി. വിമാന സർവീസുകൾ മുടക്കാനാകില്ല. ബ്രിട്ടനിലെ സൂപ്പർമാർക്കറ്റുകളിൽ 70% സാധനങ്ങളും എത്തുന്നതു യൂറോപ്പിൽനിന്നാണ്. കരാർ ഇല്ലാതെ ബ്രെക്സിറ്റ് നടപ്പാകുന്ന സാഹചര്യമുണ്ടായാൽ നേരിടേണ്ടതെങ്ങനെ എന്നു ചർച്ച ചെയ്യാൻ ഫ്രഞ്ച് മന്ത്രിസഭ ഇന്നു യോഗം ചേരും.

∙ 'ഈ കരാർ വേണ്ടെന്ന് എംപിമാർ വ്യക്തമാക്കി. പകരം വേണ്ടതെന്തെന്ന് അവർ പറയുന്നില്ല.' - തെരേസ മേ

ബ്രെക്സിറ്റ് കരാർ എന്തിന് ?

ബ്രിട്ടനിൽ 2016 ജൂൺ 23നു നടന്ന ഹിതപരിശോധനയിലാണു യൂറോപ്യൻ യൂണിയൻ വിടാനുള്ള (ബ്രെക്സിറ്റ്) ജനവിധി ഉണ്ടായത്. വ്യാപാരവും യാത്രയും നയതന്ത്രബന്ധവും ഉൾപ്പെടെ സർവമേഖലയിലും ബ്രിട്ടനും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഭാവിയിൽ എങ്ങനെ ആയിരിക്കണമെന്നതു സംബന്ധിച്ച ഉപാധികളും ധാരണകളുമാണ് ഇപ്പോഴത്തെ കരാറിലുള്ളത്.

മേയുടെ തോൽവിയും ചരിത്രം

ramsay-mcdonald-and-james-callaghan
റാംസേ മക്ഡോണൾഡ്, ജയിംസ് കലഗൻ

ബ്രിട്ടിഷ് പാർലമെന്റിൽ നൂറു വർഷത്തിനിടെ പ്രധാനമന്ത്രി 200 വോട്ടിലേറെ ഭൂരിപക്ഷത്തിൽ തോൽക്കുന്നത് ആദ്യം. എതിർത്തത് 432 പേരും അനുകൂലിച്ചത് 202 പേരും. 230 വോട്ടിന്റെ തോൽവി. 100 വോട്ടിലേറെ ഭൂരിപക്ഷത്തിൽ തോൽവി തന്നെ മുൻപു മൂന്നു തവണയേ സംഭവിച്ചിട്ടുള്ളൂ. അവരെല്ലാം ലേബർ പാർട്ടിയിൽനിന്നുള്ളവരായിരുന്നു എന്ന വ്യത്യാസവുമുണ്ട്. മുൻപു വൻ തോൽവികൾ നേരിട്ട പ്രധാനമന്ത്രിമാർ:

റാംസേ മക്ഡോണൾഡ്: ആദ്യ ലേബർ പ്രധാനമന്ത്രിയുടെ ന്യൂനപക്ഷ സർക്കാർ 1924 ഒക്ടോബർ 8ന് ഒരു കേസുമായി ബന്ധപ്പെട്ട സർക്കാർ നിലപാടിന്റെ പേരിൽ നേരിട്ടത് ഒരേ ദിവസം രണ്ടു വോട്ടെടുപ്പുകൾ.‌‌ ആദ്യത്തേതു 166 വോട്ടിനും രണ്ടാമത്തേതു 161 വോട്ടിനും പാസായി. പിന്നാലെ നടത്തിയ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകൾ അധികാരത്തിലെത്തി. ആ വർഷം ജൂണിൽ തന്നെ മക്ഡോണൾഡ് ഭവന ബിൽ വോട്ടെടുപ്പിൽ 140 വോട്ടിനു തോറ്റിരുന്നു.‌

ജയിംസ് കലഗൻ: 1979 മാർച്ച് 22നു ജയിംസ് കല്ലഗൻ ആയുധ ബിൽ വോട്ടെടുപ്പിൽ 89 വോട്ടിനു തോറ്റു. പിന്നാലെ 28ന് അവിശ്വാസ പ്രമേയത്തിൽ ഒറ്റ വോട്ടിനു (311– 310) തോറ്റ കലഗൻ അടുത്ത തിരഞ്ഞെടുപ്പിൽ തോറ്റു. മാർഗരറ്റ് താച്ചർ വന്നതങ്ങനെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA