നയ്റോബിയിലെ ഹോട്ടലിൽ ഭീകരാക്രമണം; 14 മരണം

kenya-blast-1
SHARE

നയ്റോബി ∙ കെനിയയുടെ തലസ്ഥാനമായ നയ്റോബിയിലെ ഹോട്ടൽ സമുച്ചയത്തിലുണ്ടായ ഭീകരാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. ‌അൽ ഖായിദയുമായി ബന്ധമുള്ള സൊമാലിയയിലെ ഭീകരസംഘടനയായ അൽ ഷബാബ് ആണ് ആക്രമണത്തിനു പിന്നിൽ. ഹോട്ടൽ സമുച്ചയത്തിൽ പ്രവേശിച്ച എല്ലാ ഭീകരരെയും 20 മണിക്കൂറോളം നീണ്ട പോരാട്ടത്തിനു ശേഷം വധിച്ചതായി കെനിയൻ പ്രസിഡന്റ് ഉഹുറു കെന്യാട്ട പറഞ്ഞു. ഒരു ഭീകരൻ ചാവേർ ബോംബായി പൊട്ടിത്തെറിച്ചു. എത്ര പേരാണ് ആക്രമണം നടത്തിയതെന്നു വ്യക്തമായിട്ടില്ലെങ്കിലും കറുത്ത വസ്ത്രമണി‍ഞ്ഞ 4 ഭീകരർ ഹോട്ടലിലേക്ക് ആയുധങ്ങളുമായി കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രാദേശിക ചാനലുകൾ പുറത്തുവിട്ടു.

101 മുറികളുള്ള ഹോട്ടൽ, ഭക്ഷണശാല, സ്പാ, ഓഫിസ് കെട്ടിടങ്ങൾ എന്നിവയടങ്ങിയ ദുസിറ്റ്ഡി2 എന്ന സമുച്ചയത്തിലാണ് ആക്രമണമുണ്ടായത്. ഏഴുനൂറോളം പേരെ ഇവിടെനിന്നു സുരക്ഷിതമായി ഒഴിപ്പിച്ചു. ഭീകരരും സുരക്ഷാ സൈനികരും തമ്മിൽ പലതവണ വെടിവയ്പുണ്ടായി.

2008 ൽ മുംബൈ ഭീകരാക്രമണത്തിൽ താജ് ഹോട്ടലിലുണ്ടായ ആക്രമണത്തിന് ഏതാണ്ടു സമാനമായ സംഭവമാണിത്. 2011 ൽ ഭീകരരെ നേരിടാൻ സോമാലിയയിലേക്കു സൈന്യത്തെ അയച്ചതു മുതൽ കെനിയക്കെതിരെ അൽ ഷബാബ് ആക്രമണം നടത്തി വരികയാണ്. 2013 ൽ വെസ്റ്റ്ഗേറ്റ് ഷോപ്പിങ് കേന്ദ്രത്തിലുണ്ടായ ആക്രമണത്തിൽ 67 പേർ കൊല്ലപ്പെട്ടിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA