നൊനാക മുത്തച്ഛൻ ഓർമയായി

nonaka
SHARE

ടോക്കിയോ∙ റൈറ്റ് സഹോദരന്മാർ ആദ്യത്തെ വിമാനം പറത്തിയിട്ട് 2 വർഷം കഴിഞ്ഞു. ആൽബർട്ട് ഐൻസ്റ്റീൻ ആപേക്ഷികതാ സിദ്ധാന്തം അവതരിപ്പിക്കാൻ തയാറെടുക്കുന്നു - 1905 ജനുവരി 25 നു ജപ്പാനിൽ മസാസൊ നൊനാക ജനിക്കുമ്പോൾ ഇതായിരുന്നു ലോകം. ജപ്പാനിലെ മനോഹരമായ ഹൊക്കൈ‍ഡോ ദ്വീപിൽ കൊച്ചുമകൾ യുകോ നടത്തുന്ന അഷോറോ സത്രത്തിലെ മുറികളിലൊന്നിൽ, ഇന്നലെ പുലർച്ചെ ഉറക്കത്തിൽ സുഖമരണം 113–ാം വയസ്സിൽ.

ദിവസവും പത്രം വായിച്ചും ടിവിയിൽ സുമോ ഗുസ്തികണ്ടും മധുരപലഹാരങ്ങൾ ഇഷ്ടം പോലെ അകത്താക്കിയും വിശ്രമജീവിതം നയിക്കുകയായിരുന്നു ലോകത്തിലെ ഏറ്റവും പ്രായമുള്ള പുരുഷൻ എന്ന ബഹുമതിക്ക് ഉടമയായ നൊനാക. അഞ്ചു മക്കൾ. ഭാര്യയും 3 മക്കളും നേരത്തേ മരിച്ചു. സ്പാനിഷുകാരനായ ഫ്രാൻസിസ്കോ നുനെസ് ഒലിവേര കഴിഞ്ഞ വർഷം മരിച്ചപ്പോഴാണു ലോകമുത്തച്ഛനായി ഗിന്നസ് വേൾഡ് റെക്കോഡ്സ് നൊനാകയെ അംഗീകരിച്ചത്.

1997ൽ 122–ാം വയസ്സിൽ മരിച്ച ഫ്രഞ്ചുകാരി ജാൻ ലുയീസ് കാമോയ്ക്കാണു പ്രായത്തിൽ ലോകത്തെ സർവകാല റെക്കോർഡ്. ഏറ്റവുമധികം കാലം ജീവിച്ച പുരുഷനുളള റെക്കോർഡ് 2013ൽ 116–ാം വയസ്സിൽ മരിച്ച ജപ്പാൻകാരൻ ജിറോമൊൻ കിമുറയ്ക്കും. ആയുർദൈർഘ്യത്തിനു പേരുകേട്ട നാടാണു ജപ്പാൻ. 1905 ഒക്ടോബർ 15നു ജനിച്ച ജർമൻകാരൻ ഗുസ്താവ് ജെർനറ്റാണ് നൊനാകയുടെ പിൻഗാമിയായി ലോകമുത്തച്ഛനാകുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA