വെനസ്വേല പ്രതിസന്ധി രൂക്ഷം; യുഎസിലെ എംബസി പൂട്ടി

Venezuela
SHARE

കാരക്കസ് ∙ പ്രസിഡന്റ് നിക്കൊളാസ് മഡുറോ നിലപാടു കടുപ്പിച്ചതോടെ വെനസ്വേലയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. യുഎസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയോടെ പ്രസിഡന്റായി സ്വയം അവരോധിച്ച വാൻ ഗ്വീഡോയുടെ അനുയായികൾ പ്രതിഷേധവുമായി തെരുവിലിറങ്ങുകയും നേരിടാൻ മഡുറോയെ അനുകൂലിക്കുന്ന സൈന്യം ബലംപ്രയോഗിക്കുകയും ചെയ്തതാണ് സംഘർഷം രൂക്ഷമാക്കിയത്. ഈയാഴ്ച മാത്രം വെടിവയ്പിലും മറ്റും കൊല്ലപ്പെട്ടവരുടെ സംഖ്യ 26 ആയി.

വാൻ ഗ്വീഡോയെ അനുകൂലിക്കുന്ന യുഎസുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മഡുറോ ഇന്നലെ യുഎസിലെ തങ്ങളുടെ എംബസി അടച്ചുപൂട്ടാൻ ഉത്തരവിട്ടു. അടിയന്തര ചുമതലകളില്ലാത്ത എല്ലാ ജീവനക്കാരോടും വെനസ്വേലയിൽ നിന്നു തിരിച്ചു പോരാൻ യുഎസും ആവശ്യപ്പെട്ടു.

പ്രശ്നം ചർച്ച ചെയ്യാൻ ഇന്നു യുഎൻ രക്ഷാസമിതി യോഗം ചേരണമെന്നു യുഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ നിർദേശത്തെ മഡുറോയ്ക്കു പിന്തുണ നൽകുന്ന റഷ്യ ശക്തമായി എതിർത്തു. രാജ്യാന്തര തലത്തിൽ റഷ്യയ്ക്കു പുറമേ ചൈന, ഇറാൻ, സിറിയ, ക്യൂബ, തുർക്കി എന്നീ രാജ്യങ്ങളും മഡുറോയെയാണു പിന്തുണയ്ക്കുന്നത്. യുഎസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾക്കു പുറമേ തെക്കേ അമേരിക്കൻ രാജ്യങ്ങളായ ബ്രസീൽ, കൊളംബിയ, ചിലെ, പെറു, അർജന്റീന തുടങ്ങിയ രാജ്യങ്ങൾ വാൻ ഗ്വീഡോയെ പിന്താങ്ങുന്നു.

പ്രതിപക്ഷ നേതാവായിരുന്ന വാൻ ഗ്വീഡോ രാജ്യത്തിന്റെ ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചത് കഴിഞ്ഞ ബുധനാഴ്ചയാണ്. കഴിഞ്ഞ വർഷം നടന്ന തിരഞ്ഞെടുപ്പിൽ വൻകൃത്രിമം കാട്ടിയാണ് മഡുറോ വീണ്ടും അധികാരത്തിൽ വന്നതെന്നു പ്രതിപക്ഷവും നിരീക്ഷകരും ആരോപിക്കുന്നു. നേരത്തേ രണ്ടുവട്ടം ജനകീയ സമരങ്ങളുണ്ടായപ്പോഴും സൈന്യത്തെ ഉപയോഗിച്ചു മഡുറോ അവ അടിച്ചമർത്തുകയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA